ഷെഹല ഷെറിന്റെ മരണം; ജില്ലാ ജ‍ഡ്ജി ഹൈക്കോടതിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

വയനാട് : ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എ.ഹാരിസ് ഇന്ന് ഹൈക്കോടതിക്കു മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എ.ഹാരിസിന്റെ നേതൃത്വത്തില്‍ സര്‍വ്വജന സ്‌കൂളിലും ആശുപത്രിയിലും നടത്തിയ പരിശോധനയില്‍ പ്രാഥമികമായി തന്നെ അപാകതകള്‍ കണ്ടെത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രഥമ ശുശ്രഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധ്യാപകരുള്‍പ്പെടെ കേസിലെ നാല് പ്രതികളെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് അധ്യാപകരും താലൂക്കാശുപത്രിയിലെ ഡോക്ടറും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നീക്കം തുടങ്ങി.

ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് സ്വമേധയാ കേസെടുത്ത ശേഷം ബാലനീതി നിയമം 75 പ്രകാരം ഇവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പും ചുമത്തുകയായിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷഹലയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും.

ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാനും പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനും ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‍കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. സ്‍കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്‍ച കൂടി അവധി നല്‍കാനും ഹൈസ്‍കൂള്‍ , ഹയർ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Top