ക്യാപ്‌സൂളുകളായ് വിഴുങ്ങി സൂക്ഷിച്ചു; കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ദില്ലി: ക്യാപ്‌സൂളുകളായ് വിഴുങ്ങി കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. സാവോ പോളോയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയെയാണ് നാല് കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായ് നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്.

കൊളംബിയയില്‍ നിന്ന് ശേഖരിച്ച 900 ഗ്രാം കൊക്കെയ്ന്‍ 74 കാപ്‌സ്യൂളുകളായി വിഴുങ്ങിയാണ് യുവതി കടത്താന്‍ ശ്രമിച്ചത്. യുവതിക്കൊപ്പം രണ്ട് നൈജീരിയക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി ജമൈക്കന്‍ സ്വദേശിനിയാണ്.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായാണ് കൊക്കെയിന്‍ എത്തിച്ചതെന്നാണ് വിവരം. ഡിസംബര്‍ ആറിന് നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

നാര്‍കോട്ടിക് വിഭാഗം യുവതിയെ തിരിച്ചറിഞ്ഞ് ബാഗുകള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ എടുത്തു. എക്‌സറേയില്‍ സംശയാസ്പദമായി ചിലത് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വയറ് വാഷ് ചെയ്യാനുള്ള മരുന്ന് നല്‍കി കൊക്കെയിന്‍ പുറത്തെടുക്കുകയായിരുന്നു.

Top