മറയൂരില്‍ നിന്ന് കടത്തിയ ചന്ദനം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പിടികൂടി

ചിറ്റൂര്‍: മറയൂരില്‍ നിന്ന് കടത്തിയ കോടികള്‍ വിലമതിക്കുന്ന ചന്ദനം ആന്ധ്രയിലെ ചിറ്റൂരില്‍ നിന്ന് പിടികൂടി. 720 കിലോ ചന്ദനമാണ് പിടികൂടിയത്.

ആന്ധ്രയിലെ ചിറ്റൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന ഫാക്ടറിയില്‍ നിന്നാണ്‌ ചന്ദനം പിടികൂടിയത്. ഈ ഫാക്ടറി മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഇയാള്‍ വിദേശത്താണ്. ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മറയൂരില്‍ നിന്ന് ചന്ദനം കടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാളെ വനംവകുപ്പ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി ഷുഹൈബ് എന്നയാളാണ് വനംവകുപ്പിന്റെ പിടിയിലായത്.

ഇയാളില്‍ നിന്നാണ് ആന്ധ്രയിലെ ചിറ്റൂരിലുള്ള ഫാക്ടറിയെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചന്ദനം പിടികൂടിയത്. 2009 ല്‍ ഫാക്ടറിക്ക് ലൈസന്‍സ് നഷ്ടമായതാണ്. മറയൂരില്‍ നിന്ന് കടത്തിയ 10,000 കിലോയോളം ചന്ദനം ഇവിടെ വെച്ച് സംസ്‌കരിച്ച് ചന്ദന തൈലമാക്കി മാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Top