ശവപ്പെട്ടിയ്ക്കുള്ളില്‍ മദ്യകടത്ത് ; 20 ലക്ഷം രൂപ വിലവരുന്ന 4,337 ലിറ്റര്‍ വിദേശ മദ്യം കണ്ടെത്തി

പാട്‌ന: ശവപ്പെട്ടിയില്‍ മദ്യക്കുപ്പി നിറച്ച് മദ്യം കടത്തിയവര്‍ പൊലീസിന്റെ പിടിയില്‍. സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലായിരുന്നു ശവപ്പെട്ടിയില്‍ മദ്യം കടത്തുന്ന രീതി കണ്ടുപിടിച്ചത്.

മഞ്ച ചെക്ക് പോസ്റ്റില്‍ വച്ചാണ് ഉത്തര്‍പ്രദേശില്‍ നിന്നും പഞ്ചാബ് രജിസ്ട്രേഷനില്‍ എത്തിയ ശവപ്പെട്ടികള്‍ നിറച്ച ട്രക്ക് പൊലീസ് പിടിച്ചെടുത്ത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ശവപ്പെട്ടികളില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു.

ട്രക്കിനുള്ളില്‍ ശവപ്പെട്ടിയാണെന്നായിരുന്നു ട്രക്കിന്റെ ഡ്രൈവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഡ്രൈവറുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ശവപ്പെട്ടികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ് മദ്യകുപ്പികള്‍ കണ്ടത്. ആറ് ശവപ്പെട്ടികളിലായി 20 ലക്ഷം രൂപ വിലവരുന്ന 4,337 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമായിരുന്നു കണ്ടെത്തിയത്.

പാട്‌നയിലെ വിവിധ ഗ്രാമങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് മദ്യം എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ സമ്മതിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Top