sms-alert-vehicles-registration

കാക്കനാട്: രാജ്യത്ത മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ഇനി ഒറ്റ നമ്പര്‍ എസ്.എം.എസില്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും. മുഴുവന്‍ വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ വിവരങ്ങള്‍ നിമിഷനേരംകൊണ്ട് അറിയാന്‍ കഴിയുന്ന ഏകീകൃത മൊബൈല്‍ നമ്പര്‍ സംവിധാനമാണിത്.

7738299899 നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ ഏതു സംസ്ഥാനത്തുള്ള വാഹനത്തിന്റെയും രജിസ്ട്രേഷന്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. VAHAN- space -registration number എന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയച്ചാലുടന്‍ ഉടമയുടെ പേരും വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും മറുപടിയായി ലഭിക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ‘വാഹന്‍’ നമ്പര്‍ ആരംഭിച്ചത്. യാത്രക്കാരെ ഇടിച്ചിട്ട് കടന്നുപോകുന്ന ഇതര സംസ്ഥാനേത്തതുള്‍പ്പെടെ വാഹനങ്ങള്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

നിലവില്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് സ്വന്തം മൊബൈല്‍ ആപ്ലിക്കേഷനായ സ്മാര്‍ട്ട് ട്രേസര്‍ ഉപയോഗിച്ചാണ് വാഹന പരിശോധന നടത്തിവരുന്നത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മൊബൈല്‍ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ആപ് ഉപയോഗിച്ചാല്‍ വാഹനം സംബന്ധിച്ച പൂര്‍ണവിവരം ലഭ്യമാകും.

സംസ്ഥാനത്ത് ഏത് ആര്‍.ടി ഓഫിസിലെയും നികുതി അടച്ചവിവരം തത്സമയം കിട്ടും. വാഹനത്തിന്റെ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കാത്തവരെ പിടികൂടാന്‍ സ്മാര്‍ട്ട് ട്രേസര്‍ സഹായിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ അധികൃതര്‍ പറയുന്നത്.

Top