സ്മൃതി ഇറാനി കോടികള്‍ കോഴ ആവശ്യപ്പെട്ടതായി ഷൂട്ടിംഗ് താരം വര്‍തിക സിംഗ്

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ കോഴ ആരോപണവുമായി അന്താരാഷ്ട്ര ഷൂട്ടിംഗ് താരം വര്‍തിക സിംഗ് കോടതിയിലേയ്ക്ക്. കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി പണം ആവശ്യപ്പെട്ടുവെന്നാണ് വര്‍തികയുടെ പരാതി. സൃമൃതിക്ക് പുറമെ മറ്റ് രണ്ട് പേര്‍ക്കെതിരേയും കേസ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര വനിതാ കമ്മീഷനില്‍ തന്നെ അംഗമായി നിയമിച്ചതായി അറിയിച്ച് മന്ത്രിയുമായി അടുത്ത ആളുകള്‍ വ്യാജ കത്ത് നല്‍കിയതായും വര്‍തിക സിംഗ് പറയുന്നു.

കേന്ദ്രമന്ത്രിയുടെ സഹായികളായ വിജയ് ഗുപ്തയും രജനിഷ് സിങ്ങും ആദ്യം ഒരു കോടി രൂപ ആവശ്യപ്പെടുകയും പിന്നീട് 25 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തുവെന്നും വര്‍തിക ആരോപിച്ചു.

ഇവരില്‍ ഒരാള്‍ വളരെ മോശമായിട്ടാണ് സംസാരിച്ചതെന്നും പരാതിയിലുണ്ട്. അതേസമയം, നവംബര്‍ 23 ന് അമേഠി ജില്ലയിലെ മുസഫിര്‍ഖാന പൊലീസ് സ്റ്റേഷനില്‍ വര്‍തികയ്ക്കും മറ്റൊരാള്‍ക്കുമെതിരെ വിജയ് ഗുപ്ത പരാതിയും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

Top