ചെന്നൈ: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയുടേയും ബന്ധാരു ദത്താത്രേയയുടേയും രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. കേന്ദ്രമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച 60 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.
രോഹിത് വെമുലയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവങ്ങളില്‍ തൊഴില്‍ സഹമന്ത്രിയും സെക്കന്ധരാബാദ് എംപിയുമായ ബന്ധാദത്താത്രേയയുടേയും മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടേയും സമ്മര്‍ദ്ദം വലിയ പങ്ക് വഹിച്ചതായാണ് ആരോപണം. വിദ്യാര്‍ത്ഥികളും സര്‍വകലാശാലയിലെ ദളിത് അദ്ധ്യാപകരും ഇരുവര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. വിഴുപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യയിലേയ്ക്ക് നയിച്ച നടപടികളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. രോഹിത്തിന്റെ ജന്മദിനമായ ജനുവരി 30ന് ‘ചലോ ദില്ലി’ എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിയ്ക്കാന്‍ വിദ്യാര്‍ത്ഥികളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു.
ഹൈദരാബാദില്‍ ഒസ്മാനിയ സര്‍വകലാശാലയിലും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയിലും പ്രതിഷേധം ശക്തമായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, മുംബൈ സര്‍വകലാശാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ്, വാര്‍ദ്ധ സര്‍വകലാശാല, പുതുച്ചേരി സര്‍വകലാശാല എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.


