അമിതാബ് ബച്ചനെ അനുകരിക്കാന്‍ ശ്രമിക്കുന്ന സ്മൃതി ഇറാനിക്ക് വില്ലന്റെ അവസ്ഥ: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യന്‍ സിനിമയിലെ ക്ഷുഭിത നായകനായ അമിതാബ് ബച്ചനെ അനുകരിക്കാനാണ് സ്മൃതി ഇറാനി ശ്രമിക്കുന്നതെന്നും എന്നാല്‍ നായകന് പകരം വില്ലന്റെ അവസ്ഥയാണ് അവസാനം സ്മൃതിക്കുണ്ടാകാന്‍ പോകുന്നതെന്നും, അമേഠിയില്‍ സ്മൃതി തിരഞ്ഞെടുപ്പില്‍ വീണ്ടും പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനി നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞത്.

സ്മൃതി ഇറാനിയെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന പരാജയത്തെ കുറിച്ചുള്ള ഭീതിയാണെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. അമേഠിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ സ്മൃതിയെ പരാജയപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും തിരഞ്ഞെടുപ്പിലെ എതിരാളിയെന്ന നിലയില്‍ സ്മൃതിയോട് ബഹുമാനമാണുള്ളതെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

സ്മൃതി ഇറാനി ഇത്തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പ്രധാനമന്ത്രി നരേന്ദ്രമോദി അവര്‍ക്ക് രാജ്യസഭയില്‍ അവസരം നല്‍കുമെന്നും അതു കൊണ്ട് അവര്‍ക്ക് വിഷമിക്കേണ്ട അവസരം ഉണ്ടാവില്ലെന്നും സുര്‍ജെവാല പറഞ്ഞു. തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പരാജയത്തിനായുള്ള തയ്യാറെടുപ്പിലാണ് സ്മൃതി ഇറാനിയെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.

Top