കേന്ദ്രത്തിന്റെ നിര്‍ദേശം അംഗീകരിക്കാത്തിനെ തുടര്‍ന്ന് പ്രസാര്‍ ഭാരതിയ്ക്ക് തിരിച്ചടി

PRASAR-BHARATI

ന്യൂഡല്‍ഹി: സ്വകാര്യകമ്പനിക്ക് പുറംകരാര്‍ നല്‍കുന്നതിനുള്ള കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം തള്ളിയ പ്രസാര്‍ ഭാരതിയ്ക്ക് തിരിച്ചടി. കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് പ്രസാര്‍ഭാരതി ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചാണ് കേന്ദ്രം തിരിച്ചടി നല്‍കിയിരിക്കുന്നത്. ശമ്പളം നല്‍കുന്നതിനുള്ള ഫണ്ട് ഇതേവരെ മന്ത്രാലയം വിട്ടുനല്‍കിയിട്ടില്ല.

കരാറിനു പുറമെ താങ്ങാവുന്നതിലും ഉയര്‍ന്ന ശമ്പളത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ നിയമിക്കാനുള്ള നിര്‍ദേശവും പ്രസാര്‍ഭാരതി തള്ളിയിരുന്നു. ഇതെല്ലാമാണ് മന്ത്രാലയത്തിന്റെ പ്രതികാരത്തിനു കാരണമായത്. സ്മൃതി ഇറാനിയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഈ നിയമനങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള ഫണ്ടുകള്‍ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടു കൂടി വേതനം സ്വന്തം കൈയില്‍ നിന്നാണ് പ്രസാര്‍ഭാരതി കൊടുക്കുന്നത്. അടുത്ത മാസത്തോടെ പ്രസാര്‍ഭാരതിയുടെ കണ്ടിജന്‍സി ഫണ്ട് കാലിയാകും. പ്രസാര്‍ഭാരതിയില്‍ ജീവനക്കാര്‍ക്കു വേതനം നല്‍കുന്നതിനായി 2400 കോടിയാണ് പ്രതിവര്‍ഷം കേന്ദ്രം നല്‍കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയതോടു കൂടി ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ഫണ്ട് നല്‍കുന്നതു മുടക്കിയിരിക്കുകയാണ്.

Top