ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീം ക്യാപ്റ്റനായി മന്ദാനയെ ബിസിസിഐ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വെടിക്കട്ട് ബാറ്റിങ്ങിലൂടെ സ്ഥിരസാന്നിധ്യമായ താരമാണ് മന്ദാന. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മന്ദാന മികവുകാട്ടി.

നേരത്തെ ക്യാപ്റ്റനായിരുന്ന ഹര്‍മന്‍പ്രീത് കൗര്‍ പരിക്കേറ്റ് പുറത്തായതും മന്ദാനയുടെ ക്യാപ്റ്റന്‍സിക്ക് അനുകൂലഘടകമായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഹര്‍മന്‍പ്രീതിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, മുന്‍നിര താരത്തിന്റെ അഭാവത്തിലും ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ടി20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെയാണ് ബിസിസിഐ തെരഞ്ഞെടുത്തത്.

ഏകദിന ക്യാപ്റ്റന്‍ മിതാലി രാജ് ടീമിലുണ്ടെങ്കിലും ക്യാപ്റ്റന്‍ പദവി നല്‍കിയില്ല. മധ്യനിര വനിതാതാരം വേദ കൃഷ്ണമൂര്‍ത്തി ടീമിലേക്ക് മടങ്ങിയെത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വേദയെ പരിഗണിച്ചിരുന്നില്ല. വേദ ടീമിലെത്തുമ്പോള്‍ പ്രിയ പൂണിയ പുറത്തായി. ആക്രമണാത്മക ബാറ്റിങ്ങിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഭാരദി ഫുല്‍മാലി, ഇടങ്കയ്യന്‍ പേസര്‍ കോമണ്‍ സന്‍സാദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. മാര്‍ച്ച് നാലിനാണ് ആദ്യ മത്സരം. മാര്‍ച്ച് 7ന് രണ്ടാം മത്സരവും മാര്‍ച്ച് 9ന് മൂന്നാം മത്സരവും നടക്കും.

Top