കുറ്റസമ്മതം നടത്തിയതോടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് തെളിഞ്ഞു: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയെന്ന് സ്മൃതി ഇറാനി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.

”മോദിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെയും സുപ്രീംകോടതിയെയും അപമാനിച്ചതിന് പൊതുജനം നിങ്ങള്‍ക്ക് മാപ്പ് തരില്ല” സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതെന്ന് രാഹുല്‍ കോടതിയില്‍ വിശദമാക്കി. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്.

റഫാല്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞത്.

Top