കോണ്‍ഗ്രസില്‍ പുക ഉയരുന്നു; താക്കറെ ക്യാബിനറ്റിലെ അസ്വസ്ഥത സമ്മതിച്ച് സാമ്‌ന

ഹാരാഷ്ട്ര ത്രികക്ഷി സര്‍ക്കാരില്‍ അധികാര വടംവലി പുകയുന്നതായി സമ്മതിച്ച് ശിവസേന മുഖപത്രം സാമ്‌നയുടെ മുഖപ്രസംഗം. മഹാരാഷ്ട്ര വികാസ് അഗഡിയിലെ സഖ്യകക്ഷികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും, ശക്തമായ ഒരു ക്യാബിനറ്റിനെ തന്നെ പ്രതിഷ്ഠിക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലാണ് കസേരയ്ക്കായി പിടിവലി അരങ്ങേറുന്നതെന്ന് സാമ്‌ന കുറ്റപ്പെടുത്തുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹെബ് തൊറാട്ട് എന്നിവര്‍ തമ്മില്‍ റവന്യു വകുപ്പിന്റെ പേരില്‍ ബലാബലം നടക്കുന്നതായി മുഖപ്രസംഗം സ്ഥിരീകരിച്ചു. ‘കോണ്‍ഗ്രസില്‍ വകുപ്പുകളുടെ പേരില്‍ പുക ഉയരുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ക്യാബിനറ്റിലുണ്ട്, അദ്ദേഹത്തിന് ബഹുമാന്യമായ വകുപ്പ് നല്‍കണം. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തിന് അനുയോജ്യമായത് റവന്യൂ വകുപ്പാണ്. ഇത് കോണ്‍ഗ്രസിലെ ബാലാസാഹെബ് തൊറാട്ടിന്റെ പക്കലാണ്. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം’, സാമ്‌ന വ്യക്തമാക്കി.

ക്യാബിനറ്റ് വികസനത്തില്‍ സ്ഥാനം കിട്ടാതെ പോയ നേതാക്കള്‍ക്കിടയില്‍ മൂന്ന് പാര്‍ട്ടിയിലും രോഷം പുകയുന്നുണ്ട്. ഏത് സര്‍ക്കാര്‍ വികസിപ്പിച്ചാലും എതിര്‍പ്പ് സ്വാഭാവികമാണ്. എന്നാല്‍ സഖ്യത്തിലെ ഈ അസ്വസ്ഥത കണ്ട് ബിജെപി സന്തോഷിക്കുകയാണെന്നും സേന കുറ്റപ്പെടുത്തി. മുന്‍ ഫഡ്‌നാവിസ് സര്‍ക്കാരിലും ഇതുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്.

മന്ത്രിസ്ഥാനം കിട്ടാതെ പോയ കോണ്‍ഗ്രസ് നേതാവ് സംഗ്രാം തോപ്‌ടെയെ പിന്തുണയ്ക്കുന്നവര്‍ നടത്തിയ അക്രമങ്ങളെയും സാമ്‌ന പരിഹസിച്ചു. ‘ശിവസേന തെമ്മാടികളാണെന്ന് പറഞ്ഞ കോണ്‍ഗ്രസിലെ തോപ്‌ടെയുടെ അണികളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ഇത് അവരുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല’, സാമ്‌ന പറഞ്ഞു.

Top