കാട്ടുതീ ; ശ്വാസംമുട്ടി ഷരപ്പോവ,ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉപേക്ഷിക്കേണ്ടി വരുമോ?

സ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന് താരങ്ങള്‍ തന്നെ ആവശ്യപ്പെട്ടതോടെ ടെന്നീസ് മേധാവികള്‍ കുരുക്കില്‍. രാജ്യത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരങ്ങള്‍ പരാതിപ്പെട്ടതോടെ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ ആവശ്യം ഉയരുകയാണ്. വാംഅപ്പ്, യോഗ്യതാ മത്സരങ്ങളില്‍ ഈ സ്ഥിതി നേരിട്ടതോടെ ടൂര്‍ണമെന്റ് തീയതികള്‍ മാറ്റിനിശ്ചയിക്കണമെന്ന് ലോക രണ്ടാം നമ്പര്‍ താരം നൊവാന്‍ ദ്യോകോവിക് സംഘാടകരോട് ആവശ്യപ്പെട്ടു. ജനുവരി 20ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ ആവശ്യം ഉയരുന്നത്.

നിയന്ത്രണങ്ങള്‍ ലംഘിച്ച് പടര്‍ന്ന കാട്ടുതീ ഓസ്‌ട്രേലിയയെ മാസങ്ങളായി വേട്ടയാടുകയാണ്. ഇതോടെ മെല്‍ബണിലെ മലിനീകരണ തോത് ലോകത്തിലെ ഏറ്റവും മോശമായി മാറുകയും ചെയ്തു. പ്രദര്‍ശന മത്സരത്തിന് ഇറങ്ങിയ റഷ്യന്‍ ടെന്നീസ് താരം മരിയ ഷരപ്പോവ പുക മൂലം ശ്വസിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി. ഒടുവില്‍ താരത്തിന്റെ മത്സരം ഉപേക്ഷിക്കേണ്ടിയും വന്നു. ഓസ്‌ട്രേലിയന്‍ താരം ബെര്‍ണാര്‍ഡ് ടോമിക്കിന് യോഗ്യതാ മത്സരത്തിനിടെ മെഡിക്കല്‍ സഹായം തേടുകയും ചെയ്തു.

വായുവില്‍ പുകയുടെ ഗന്ധം നിലനില്‍ക്കുന്നതിനാല്‍ യോഗ്യതാ മത്സരങ്ങള്‍ തല്‍ക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കാറ്റിലും, മഴയിലും മെല്‍ബണിലെ വായു മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ടൂര്‍ണമെന്റ് മാറ്റിവെയ്ക്കണമെന്ന ആവശ്യത്തോട് സംഘാടകര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ കളിക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നതോടെ ഇവര്‍ക്ക് മേല്‍ സമ്മര്‍ദം ഉയരുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായുള്ള സമയത്ത് തന്നെ കാട്ടുതീ ആളിപ്പടര്‍ന്ന് 27 പേരുടെ മരണത്തിനും, പത്ത് ലക്ഷത്തോളം മൃഗങ്ങളുടെ നാശത്തിനും കാരണമായി.

പരിശീലനത്തിലും, മത്സരങ്ങള്‍ക്കും ഇറങ്ങുമ്പോള്‍ അസുഖം തോന്നുന്നതായി കളിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുക നഗരത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ട് ഒരു റണ്‍വേ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

Top