സാമ്പത്തിക മാന്ദ്യം;എസ്.എം.എല്‍ ഇസൂസുവും പ്ലാന്റുകള്‍ അടച്ചിടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം കടുത്തതോടെ വിവിധ കമ്പനികള്‍ പ്ലാന്റുകള്‍ അടച്ചിടുകയാണ്. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് എസ്.എം.എല്‍ ഇസുസുവും ആറ് ദിവസത്തേക്ക് തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു.ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറിയാണ് ആറ് ദിവസത്തേക്ക് അടച്ചിടുക.

ഓട്ടോമൊബൈല്‍ നിര്‍മ്മാണ രംഗത്ത് തുടരുന്ന പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയും മഹീന്ദ്രയും പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു.അതേസമം, മൂന്ന് ദിവസത്തേയ്ക്ക് കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്നലെ അറിയിച്ചിരുന്നു. ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. ഈമാസം ആദ്യം മാരുതി സുസുക്കിയും ഗുര്‍ഗൗണിലേയും മനേസറിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒമ്പതുവരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. തുടര്‍ച്ചയായ 10 മാസത്തില്‍ കാര്‍ വില്പനയില്‍ തകര്‍ച്ച നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. സെപ്റ്റംബര്‍ ആദ്യ വാരം പൂനെയിലെ പ്ലാന്റ് അടച്ചിടുമെന്ന് ടാറ്റ മോട്ടോഴ്‌സും അറിയിച്ചിരുന്നു.

രാജ്യത്തെ വാഹന വില്‍പ്പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 1997- 98 കാലഘട്ടത്തിന് ശേഷം പാസഞ്ചര്‍ വാഹന വിപണിയില്‍ ഇത്രയും കുറഞ്ഞ വില്‍പ്പന നിരക്ക് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതു കൂടാതെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.

Top