സ്മാർട്ട്ഫോൺ വില വർധനയ്ക്ക് സാധ്യത; ജൂൺ മുതൽ ഉണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധർ

ജൂൺ മുതൽ സ്മാർട്ട്ഫോണുകളുടെ വിലയിൽ വർധനയുണ്ടായേക്കുമെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. മെമ്മറി ചിപ്പുകളുടെ വില വർധിച്ചതും ചൈനീസ് കറൻസി യുവാൻ ശക്തിപ്പെടുന്നതും ആണ് ഫോണുകളുടെ വില കൂടാനുള്ള കാരണം. ഇടക്കാല ബജറ്റിന് മുന്നോടിയായി മൊബൈൽ ഫോൺ നിർമാണ വസ്തുക്കളുടെ ഇറക്കുമതി തീരുവ അടുത്തിടെ കുറച്ചത് ഭാഗിക ആശ്വാസം നൽകിയേക്കും. സാംസംഗ് ഈ പാദത്തിൽ വില 15-20 ശതമാനം വരെ വർദ്ധിപ്പിച്ചേക്കാം. ഈ പാദത്തിൽ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ മിക്ക കമ്പനികളും കൈവശം വച്ചിരിക്കുന്നതിനാൽ അടുത്ത പാദം മുതൽ ആയിരിക്കും വില വർധന അനുവപ്പെടുക.

ഉൽപ്പന്നങ്ങളുടെ വിലയിൽ 3 മുതൽ 8 ശതമാനം വരെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി മൂന്നാം വാരം മുതൽ മാർച്ച് ആദ്യവാരം വരെ ഉയർന്ന ഡിമാൻഡ് കാരണം മെമ്മറി ചിപ്പുകളുടെ വിലയിൽ 10-15 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, എല്ലാ നിർമാതാക്കൾക്കും വില വർദ്ധിപ്പിക്കേണ്ടി വരും .ഒരു സ്‌മാർട്ട്‌ഫോൺ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ചെലവിൽ ഭൂരിഭാഗവും മെമറി ചിപ്പിനാണ് വരുന്നത്. ബാറ്ററി കവറുകൾ, മെയിൻ ലെൻസ്, ബാക്ക് കവർ, ആൻറിന, സിം സോക്കറ്റുകൾ, മറ്റ് മെക്കാനിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ മൊബൈൽ ഫോൺ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇത് കാരണം വലിയ വർധന സ്മാർട്ട്ഫോണിനുണ്ടാകില്ല എന്നാണ് സൂചന.

ചൈനീസ് കറൻസി യുവാന്റെ മൂല്യത്തിലെ വർധനയും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു യുവാന്റെ മൂല്യം 11.32 രൂപയിൽ നിന്ന് ഡിസംബറിൽ 12.08 രൂപയായി. ഇക്കാലയളവിൽ രൂപയ്‌ക്കെതിരെ യുവാൻ 6.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

Top