സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

സ്മാർട്ട്ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നതാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അവരുടെ സമയം ചെലവഴിക്കുന്നത് പോലും ഫോണിലുള്ള ആപ്പുകളിലൂടെയാണ്. ഗെയിം, മ്യൂസിക്, ബോഡി ഫിറ്റ് തുടങ്ങി പലതിനും ഇന്ന് ആപ്പുകളുണ്ട്. എന്നാൽ ഈ ആപ്പുകളെല്ലാം എത്രത്തോളം സുരക്ഷിതമാണെന്നതിനെ പറ്റി പലർക്കും വ്യകതമായ ധാരണ ഇല്ലെന്നതാണ് വസ്തുത. പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിങ്ങനെയുള്ള ഓതന്റിക്കായ സോഴ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണെങ്കിലും ചിലപ്പോൾ ഇങ്ങനെ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ തന്നെ ഡാറ്റ-പ്രൈവസി പ്രശ്നങ്ങൾ ഉയർത്തുന്നവയായിരിക്കും.

ധാരാളം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് വയ്ക്കുന്ന രീതി സുരക്ഷയെ ബാധിക്കും. ഏത് ആവശ്യത്തിനാണോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ആ വിഭാഗം ആപ്പുകളുടെ റിവ്യൂ, റേറ്റിങ് തുടങ്ങിയവ പരിശോധിക്കണം. ചിലത് ഫോണിനെയും നമ്മുടെ പ്രൈവസി ഡാറ്റയെയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ ആപ്പിനും നൽകുന്ന പെർമിഷനുകളും വലിയ കരുതലോടെ വേണം കൊടുക്കാൻ. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അത് ആദ്യം തുറക്കുമ്പോൾ ആപ്പിന് ആവശ്യമായ പെർമിഷനുകൾ ആവശ്യപ്പെടും. ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്തിനാണോ ഉപയോഗിക്കുന്നത് അതിന് മാത്രം ആവശ്യമായ പെർമിഷനുകളാണോ ചോദിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

ക്യാമറ ആപ്പുകൾ കോൺടാക്ടുകൾ, മെസേജുകൾ എന്നിവയിലേക്കുള്ള പെർമിഷൻ ചോദിക്കുന്നത് പോലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ ആ ആപ്പ് ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ ഫോണിന്റെ സുരക്ഷ ഉറപ്പ് വരുത്താനായി സെറ്റിങ്സിൽ ആപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ പെർമിഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഓരോ ആപ്പുകൾക്കും നൽകിയിട്ടുള്ള പെർമിഷനുകൾ കാണാൻ സാധിക്കും. ഇത് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഗാലറി, കോൺടാക്ട്, എസ്എംഎസ് തുടങ്ങിയവയിലേക്ക് ആവശ്യമുള്ള ആപ്പുകൾക്ക് മാത്രം പെർമിഷൻ നൽകുക.

Top