വിവാഹമോചന കേസുകളിൽ ശരിക്കും ‘പ്രധാനവില്ലൻ’ സ്മാർട്ട് ഫോണുകൾ !

വിവാഹ മോചന കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ആശങ്ക നാടിന്റെ കണ്ണുതുറപ്പിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്. ഇതിനെ വിവാദ നിരീക്ഷണം എന്നല്ല ശരിയായ നിരീക്ഷണം എന്നു തന്നെയാണ് പറയേണ്ടത്. ‘ഉപയോഗിക്കുക വലിച്ചെറിയുക ‘എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുന്നതിലെ ആശങ്കയും ഹൈക്കോടതി പങ്കുവച്ചിട്ടുണ്ട്. വിവാഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന കാഴ്ചപാടുള്ള സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപാടിലേക്ക് ഇത് മാറുന്നതായും കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. വിവാഹ മോചിതരാകുന്നവരുടേയും അവരുടെ കുട്ടികളുടേയും എണ്ണം വര്‍ധിച്ചുവരുന്നത് സാമൂഹ്യ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നത് ചൂണ്ടിക്കാട്ടി കൂടിയാണ് ഈ വിലയിരുത്തല്‍.

ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ വളരെ ചെറിയ കാര്യങ്ങള്‍ക്കും സ്വാര്‍ത്ഥമായ ചില താത്പര്യങ്ങള്‍ക്കും വേണ്ടി വിവാഹേതര ബന്ധങ്ങള്‍ക്കായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് പുതിയ ചിന്തയെന്നും കോടതി വിമര്‍ശിച്ചിട്ടുണ്ട്. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നതെന്ന് വിമര്‍ശിച്ച കോടതി, ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതിയെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നത് അപകടമാണെന്ന മുന്നറിയിപ്പും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ നല്‍കിയിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ട് ഒരു യുവാവ് നല്‍കിയ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരായി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ഈ വിധി പുറത്ത് വന്നത്തോടെ ഒരു വിഭാഗത്തിന് ശരിക്കും ‘കുരു’ പൊട്ടിയിട്ടുണ്ട്. അവരാണിപ്പോള്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. വിവാഹ ബന്ധങ്ങള്‍ പിരിയാന്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് മിക്കവരും ഇപ്പോള്‍ ബന്ധം അവസാനിപ്പിക്കുന്നത്. പരസ്പരം ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലങ്കില്‍ പിരിയുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ ഈ വേര്‍പിരിയല്‍ ആണിനായാലും പെണ്ണിനായാലും പുതിയ ബന്ധം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഗൂഢ ഉദ്ദേശമാണെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഇവിടെയാണ് ഹൈക്കോടതി നിരീക്ഷണവും പ്രസക്തമാകുന്നത്. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും പുതിയ കാലത്ത് പഴയ ‘പാടവരമ്പത്തെ’ പ്രണയത്തിനൊന്നും പ്രസക്തിയില്ല. ഒരു മെസേജില്‍ തുടങ്ങി അത് പിന്നീട് ഫോണ്‍ വിളിയായും ലൈവായ ഇടപെടലായും മാറാന്‍ അധിക സമയമൊന്നും വേണ്ട. ഈ ‘മിന്നല്‍’ പ്രണയത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടമാണ് പിന്നീട് പല ആത്മഹത്യകള്‍ക്കും ബന്ധം വേര്‍പിരിയലിലും കലാശിക്കുന്നത്. കാമുകി – കാമുകന്‍മാര്‍ മാത്രമല്ല ഭാര്യയും ഭര്‍ത്താവും എല്ലാം ബാധ്യതയാകുന്ന പുതിയ കാലമാണിത്.

കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. എന്തുകൊണ്ട് വിവാഹമോചനം വര്‍ധിക്കുന്നുവെന്ന ചോദ്യത്തിനും ഉത്തരംതേടി അധികം അലയേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ തന്നെയാണ് പ്രധാന കാരണം. പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്നതാണ് പുതിയ കാഴ്ച. വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായാണ് കേരളം മാറിയിരിക്കുന്നത്. കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച യുവതിയും മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മമാരും എല്ലാം ഈ നാട്ടില്‍ ഒരുപാടുണ്ട്. ഒരേ കട്ടിലിലില്‍ കിടക്കുന്ന ഭാര്യയെ ഉറക്കികിടത്തി അന്യസ്ത്രീകളുമായി ചാറ്റുചെയ്യുന്ന പുരുഷനും മാറിയ കാലത്തിന്റെ പുതിയ മുഖമാണ്.

ആരുടെ ഭാഗത്താണു ശരി എവിടെയാണു തെറ്റ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ വിവാഹേതരബന്ധങ്ങള്‍ തുടരുന്ന കാലമാണിത്. ഭര്‍ത്താവും ഭാര്യയും സ്വതന്ത്രരാവുകയും ഇരുവര്‍ക്കും വ്യക്തിഗത വരുമാനങ്ങളും സൗഹൃദങ്ങളും വര്‍ധിക്കുകയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ കേരളത്തില്‍ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരുകവിഞ്ഞ താല്‍പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ തോന്നുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം. അവിഹിതബന്ധങ്ങള്‍ ഒരിക്കലും ഹിതമല്ല എന്നിരിക്കെ അതു കുടുംബാന്തരീക്ഷത്തെ പൂര്‍ണമായും തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുമെന്ന് മിക്കവരും ചിന്തിക്കുന്നില്ല. പിന്നൊരിക്കലും കെട്ടിപ്പെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് ആ ബന്ധം തകര്‍ന്നു പോവുക. അവിഹിതബന്ധത്തിന് കൂട്ടൊരിക്കിയവര്‍പോലും ഇത്തരം പ്രതിസന്ധിയില്‍ കൂടെ ഉണ്ടായിരിക്കണമെന്നില്ല. ഭാര്യ ഭര്‍ത്താവിന്റെയും ഭര്‍ത്താവ് ഭാര്യയുടെയും ‘പ്രാധാന്യം’ തിരിച്ചറിയുന്ന നിമിഷങ്ങളാണത്.

കഴിഞ്ഞ ഇരുപത്തിഏഴു വര്‍ഷത്തിനിടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ കുടുംബാന്തരീക്ഷത്തിന്റെ കെട്ടുറപ്പിനെ തന്നെ മാറ്റികഴിഞ്ഞു. സമൂഹത്തെക്കാള്‍ വ്യക്തിക്കാണു പ്രാധാന്യമെന്ന അവസ്ഥ കൈവരികയും ലൈംഗിക സ്വാതന്ത്ര്യം അവകാശമായി പുതുതലമുറ ചിന്തിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സാമ്പത്തിക സ്വയംപര്യാപ്തകൂടി കൈവന്നതോടെ ‘സ്വാതന്ത്ര്യം’ ആര്‍ക്കും എവിടെയും എപ്പോഴും ആഘോഷിക്കാവുന്ന അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. പൊതുനിരത്തില്‍ പരസ്പരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന യുവതലമുറ ദാമ്പത്യം എന്ന പവിത്രമായ സങ്കല്‍പത്തെ തന്നെയാണ് തല്ലിതകര്‍ക്കുന്നത്. ജോലിസ്ഥലത്തും പുറത്തും അന്യപുരുഷനും അന്യസ്ത്രീക്കും പരസ്പരം ഇടപെഴകാനും ആഘോഷിക്കാനുമുള്ള സാഹചര്യങ്ങള്‍ കൂടി വര്‍ധിച്ചതോടെ കുടുംബം എന്നത് രണ്ടാംസ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്. മുന്‍പ് സൂചിപ്പിച്ചതു പോലെ കാണാമറയത്തിരുന്നു പരസ്പരം കണ്ടുസംസാരിക്കാവുന്ന വിധത്തിലേക്കു സാങ്കേതികവിദ്യ വളരുക കൂടി ചെയ്തതും ജോലിത്തിരക്കുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയില്‍ ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുപോയതും വിവാഹേതരബന്ധങ്ങള്‍ക്കാണ് ‘വള’മായിരിക്കുന്നത്. മുന്‍പ് നഗരങ്ങളിലാണ് ഇത്തരം പ്രവണത വര്‍ദ്ധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും അതു പടര്‍ന്നു കഴിഞ്ഞു.

പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോട് പങ്കുവയ്ക്കുമായിരുന്നെങ്കില്‍ ‘അണുകുടുംബങ്ങളിലേക്കു’ ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാന്‍ പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം പോലും ഇല്ലാത്ത സാഹചര്യമാണുള്ളത്. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ്‌ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ ”വാട്‌സ് റോങ് വിത്ത് യു” എന്നു ചോദിച്ചെത്തുന്ന കാലമാണിത്. കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ഇത്തരക്കാരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കാണ് സ്ത്രീകളെ നയിക്കുക. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ മുന്‍പ് അയച്ച മെസ്സേജുകളും നഗ്‌നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും വര്‍ത്തമാന കാലത്തെ കാഴ്ചകളാണ്.

ഒളിച്ചോട്ട കേസുകളില്‍ ബഹുഭൂരിപക്ഷവും വിവാഹിതരായ സ്ത്രീകളാണ്. അവിവാഹിതരായ പെണ്‍കുട്ടികളുടെ നിരക്ക് ഇതില്‍ എത്രയോ കുറവാണ്. വിവാഹിതരായ സ്ത്രീകളില്‍ നല്ലൊരു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണു ഒളിച്ചോടിയിരിക്കുന്നത്. ഇതില്‍ പിഞ്ചു കുട്ടികള്‍ ഉള്ള അമ്മമാര്‍ വരെ പെടും. മരുമകളോ മകളോ ഒളിച്ചോടിയതിന്റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധിയാണ്. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താനാണ് ഇപ്പോള്‍ മത്സരിക്കുന്നത്. ഒരു വര്‍ഷം പതിനായിരക്കണക്കിന് വിവാഹമോചന കേസുകളാണു കുടുംബകോടതിയുടെ പരിഗണനയിലെത്തുന്നത്. ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണവും അവിഹിത ബന്ധങ്ങളാണ്. സ്വന്തം പങ്കാളിയില്‍നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നത്. കിടപ്പറയിലെ പ്രശ്‌നങ്ങളും ഇതിനു ഒരു പരിധിവരെ കാരണമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്‌നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ട് മറ്റൊരാളെ തിരഞ്ഞുപോകുന്ന ഇടത്തു നിന്നാണ് ആ കുടുംബത്തിന്റെ തകര്‍ച്ചയും തുടങ്ങുന്നത്.

ജോലിയുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ദൂരസ്ഥലത്തായിരിക്കുമ്പോള്‍ നേരംപോക്കിന് തുടങ്ങുന്ന ഫോണ്‍ ചാറ്റിങ് ബന്ധം ഭര്‍ത്താവ് തിരികെയെത്തുമ്പോള്‍ പിടിക്കപ്പെടുന്നതും അതുപോലെ തന്നെ ദീര്‍ഘനാളുകള്‍ക്കുശേഷം ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന അവിഹിതബന്ധം മുറിഞ്ഞുപോകുമോയെന്ന ഭയംമൂലം ഒളിച്ചോടിപ്പോകുന്നതും കേരളത്തിലെ പതിവ് കാഴ്ചയായി മാറി കൊണ്ടിരിക്കുകയാണ്. പുരുഷന്‍മാരെ വിവാഹേതരബന്ധത്തിനു പ്രേരിപ്പിക്കുന്ന നിരവധി സ്ത്രീകളും ഇവിടെ തന്നെയുണ്ട്. മാന്യമായി ജീവിക്കുന്ന പുരുഷന്‍മാരെയാണ് ഇത്തരക്കാര്‍ വലയില്‍ കുടുക്കുന്നത്. ഇവരുടെ സ്വാധീനത്തില്‍ വശംവദരായി തീര്‍ന്നു കഴിഞ്ഞാല്‍ ആത്യന്തികമായി അവര്‍ക്കു നഷ്ടപ്പെടുന്നതും സ്വന്തം കുടുംബം തന്നെയാണ്. ഇങ്ങനെ കെണിയില്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് അഭിമാന നഷ്ടത്തിനൊപ്പം തന്നെ വന്‍ സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ട്. ഹണി ട്രാപ്പില്‍പ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വരെയുള്ള നാടാണിത്.

സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികള്‍ ഉള്‍പ്പെടെ ആറുപേര്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് അടുത്തയിടെയാണ്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ആഗസ്റ്റ് 31ന്. കേരളം അമ്പരപ്പോടെ കേട്ട വാര്‍ത്തയാണിത്. കണ്ണൂര്‍ സ്വദേശികളായ ദമ്പതികളും ഇരിങ്ങാലക്കുട, പാല സ്വദേശികളായ നാല് യുവാക്കളുമാണ് അറസ്റ്റിലായിരുന്നത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ ചെയ്ത് സജീവമായവരാണ് അറസ്റ്റിലായ ദമ്പതികള്‍. ഇതു പോലെ സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ കയ്യിലെടുത്ത് വഞ്ചിക്കുന്ന നിരവധി പേരുണ്ട്. ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം യുവതിയെ വഞ്ചിച്ച ചെറിയന്‍കീഴ് സ്വദേശിയായ ടിക് ടോക് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തതും അടുത്തയിടെയാണ്. ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നത്. പുറം ലോകം അറിഞ്ഞത് ഇതൊക്കെയാണെങ്കില്‍ അറിയാത്തത് ഇതിന്റെ എത്രയോ ഇരട്ടിയായിരിക്കും എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. മാനഹാനി ഭയന്ന് മാത്രം പരാതിപ്പെടാത്തവരും നിരവധിയുണ്ടാകും. അതും നാം ഓര്‍ക്കേണ്ടതുണ്ട്.

സാക്ഷര കേരളം, സാംസ്‌കാരിക കേരളമെന്നൊക്കെ ചുമ്മാ പറഞ്ഞതു കൊണ്ടു മാത്രം കാര്യമില്ല. ആ വാക്കിന്റെ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കി പെരുമാറാനും ഇവിടെയുള്ളവര്‍ക്ക് ബാധ്യതയുണ്ട്. വിവര സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടത് അതിന്റെ അപകടകരമായ വശം തിരിച്ചറിഞ്ഞു കൊണ്ടാകണം. അതു പോലെ തന്നെ കുടുംബമാണ് പ്രധാനമെന്നതും ആരും മറന്നു പോകരുത്. കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ ‘സീനിയര്‍ കൗണ്‍സിലര്‍ സന്ധ്യാ റാണി മുന്‍പ് ഇതു സംബന്ധമായി വിശദമായ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. നമ്മളെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ട പല വസ്തുതകളും അതിലുണ്ട്. ഇക്കാര്യങ്ങള്‍ തന്നെയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയും ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്!


EXPRESS KERALA VIEW

Top