രാജ്യത്തെ സ്മാർട്ട്‌ഫോൺ വിൽപ്പന നീങ്ങുന്നത് സർവകാല റെക്കോർഡിലേക്ക്

കൊവിഡ് പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ വ്യവസായരംഗം പതിയെ മുക്തിപ്രാപിച്ച് വരുന്നതേയുള്ളൂ. സ്മാർട്ട്‌ഫോൺ വിപണിയിൽ പക്ഷെ കാര്യങ്ങൾ നേരെ തിരിച്ചാണ്. പ്രത്യേകിച്ചും ഈ ഉത്സവ സീസണിൽ ഇന്ത്യക്കാരെല്ലാം പുതിയ സ്മാർട്ട്‌ഫോണുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിലുമാണ്. വാങ്ങിക്കൂട്ടി വാങ്ങിക്കൂട്ടി, ഈ സീസണിലെ സ്മാർട്ട്‌ഫോൺ വിൽപ്പന നീങ്ങുന്നത് സർവകാല റെക്കോർഡിലേക്ക്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഉത്സവ സീസണിൽ സ്മാർട്ട്‌ഫോൺ വിൽപ്പന 7.6 ബില്യൺ ഡോളറിലെത്തുമെന്നാണ് കരുതുന്നത് (ഏകദേശം 57,000 കോടി രൂപ).

മിഡ് പ്രീമിയം സെഗ്മെന്റുകളിൽ ഡിമാൻഡ് കൂടി നിൽക്കുന്നതിനാൽ വിൽപ്പനയിൽ ഇനിയും കുതിച്ചുചാട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. വാഹന വിപണിയും സ്മാർട്ട്‌ഫോൺ വിപണിയും വലിയ രീതിയിൽ ചിപ്പ് ക്ഷാമം നേരിടുന്ന സമയത്ത് കൂടിയാണ് ഫോൺ വിൽപ്പന കൂടിക്കൊണ്ടിരിക്കുന്നതും. മൊത്തത്തിലുള്ള വിൽപ്പന കണക്കുകളിൽ മാത്രമല്ല സ്മാർട്ട്‌ഫോണുകളുടെ ശരാശരി വിൽപ്പന വിലയിലും (എഎസ്പി) വർധനവുണ്ട്. 14 ശതമാനമാണ് ശരാശരി വിൽപ്പന വിലയിൽ പ്രതീക്ഷിക്കുന്ന വർധനവ്. ഇത്തരത്തിലുള്ള വർധനവ് സംഭവിച്ചാൽ ശരാശരി വിൽപ്പന വില 230 ഡോളറായി (ഏകദേശം 17,200 രൂപ) വരെ ഉയർന്നേക്കും.

സ്മാർട്ട്‌ഫോൺ വിൽപ്പന കൂടാനുള്ള ഒരു കാരണം തുടരുന്ന ഉത്സവ സീസൺ തന്നെയാണ്. ഒപ്പം ഉപഭോക്താക്കളുടെ മാറിയ ചിന്താഗതിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൊവിഡ് അടച്ചിടൽ അവസാനിച്ചെങ്കിലും വർക്ക് ഫ്രം ഹോം കൾച്ചർ ഇപ്പോഴും തുടരുകയാണ്. ഈ സമയത്ത് വീടുകളിൽ തന്നെയിരുന്ന് ജോലി ചെയ്ത് സമ്ബാദിച്ച പണം ചെലവഴിക്കാൻ ഇന്ത്യക്കാർ തയ്യാറായതാണ് വിൽപ്പന കൂടാനുള്ള മറ്റൊരു കാരണം. ഉത്സവ സീസൺ ലക്ഷ്യമിട്ട് ഐഫോണിനും ഗാലക്‌സി ഡിവൈസുകൾക്കുമൊക്കെ വലിയ ഡിസ്‌കൌണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉയർന്ന ട്രേഡ്-ഇന്നുകളും ഇഎംഐ ഓഫറുകളുമൊക്കെ പുതിയ സ്മാർട്ട്‌ഫോണുകൾ വാങ്ങിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.

Top