സ്ത്രീകള്‍ക്കായി ‘സ്മാര്‍ട്ട് കിച്ചന്‍’ പദ്ധതി, 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന് ജനങ്ങളുടെ സഹകരണമാണ് കരുത്തായത് മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഇനിയും തുടരുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി തെളിയിക്കുന്നത്. ജനങ്ങളോടൊപ്പമാണ്, ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കര്‍മ്മപദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടനപത്രികയില്‍ വിഭാവനം ചെയ്യുന്നത്.

50 ഇന പ്രധാന പരിപാടിയും അനുബന്ധമായി 900 വാഗ്ദാനങ്ങളുമാണ് ഇതില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അവ പൂര്‍ണ്ണമായും നടപ്പിലാക്കി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യമന്ത്രിസഭായോഗത്തിനുശേഷമുള്ള തീരുമാനങ്ങളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

കേരളത്തില്‍ സ്ത്രീകളുടെ ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതിയുടെ മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട് ഇതു പരിശോധിച്ച് ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാവര്‍ക്കും ഭവനം എന്ന് കൈവരിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലുടെ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കും. അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു സമിതിയെ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍ വരും. ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top