ന്യൂഡല്‍ഹി: അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തെ ഉള്‍പ്പെടുത്തിയതായി കേന്ദ്രനഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യനായിഡു.
ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ മൂന്നാം ഘട്ടത്തില്‍ മുപ്പത് നഗരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതില്‍ ഒന്നാം സ്ഥാനത്താണ് തിരുവനന്തപുരം.
ബെംഗളൂരു, തിരുപ്പൂര്‍, തിരുനല്‍വേലി, തൂത്തുക്കുടി, തിരുച്ചിറപ്പിള്ളി, പുതുച്ചേരി, അമരാവതി, നയാ റായ്പൂര്‍ എന്നീ നഗരങ്ങളും അമൃത് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുണ്ട്.
കൊച്ചി നഗരത്തെ നേരത്തെ തന്നെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ജമ്മുവും ശ്രീനഗറും പട്ടികയിലുണ്ട്. അമൃത് പദ്ധതി നടപ്പാക്കുന്ന നഗരങ്ങളുടെ എണ്ണം ഇതോടെ തൊണ്ണൂറു തികഞ്ഞു.
57,393 കോടി രൂപയാണ് അമൃത് പദ്ധതിയിലൂടെ 30 നഗരങ്ങള്‍ക്കള്‍ക്ക് ലഭിക്കുക. സംസ്ഥാന സര്‍ക്കാരും നഗരസഭകളും വിഹിതം അടയ്‌ക്കേണ്ടതായുണ്ട്. നിശ്ചിത തുക സ്വകാര്യനിക്ഷേപമായും സ്വീകരിക്കുന്നതാണ്.
1538 കോടി രൂപയുടെ പദ്ധതി നടപ്പാകുന്ന തിരുവനന്തപുരത്ത് കേന്ദ്രം 500 കോടി രൂപയാണ് അനുവദിക്കുക. ഇതിലേക്ക് 50 കോടി രൂപ സംസ്ഥാന സര്‍ക്കാരും 50 കോടി രൂപ തിരുവനന്തപുരം നഗരസഭയും നല്‍കണം. ബാക്കി തുക സ്വകാര്യ നിക്ഷേപകരില്‍ നിന്നും കണ്ടെത്തേണ്ടതാണ്.