സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസ്; ആര്യ രാജേന്ദ്രന്‍ കേരളത്തെ പ്രതിനിധീകരിക്കും

ബാഴ്‌സലോണ: സ്‌പെയിനില്‍ നടക്കുന്ന സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുക്കും. ബാഴ്‌സലോണയിലാണ് സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്. നഗരവികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളും എക്സ്പോയുമാണ് നടക്കുന്നത്. മന്ത്രി എം.ബി രാജേഷും സ്മാര്‍ട്ട് സിറ്റി എക്സ്പോ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

അതിവേഗം നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം നഗരത്തില്‍ ഫലപ്രദമായ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും പുതിയ കാലത്തിന് അനുസൃതമായി നഗരവികസനം ആസൂത്രണം ചെയ്യാനും ഇവിടത്തെ ചര്‍ച്ചകളും എക്സ്പോയും ഗുണകരമാകും എന്നാണ് കരുതുന്നതെന്ന് മേയര്‍ ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനിടെ കൊച്ചിയുടെ സുസ്ഥിര നഗരവികസന പദ്ധതികള്‍ക്ക് ജര്‍മ്മന്‍ സര്‍ക്കാരിന്റെ പിന്തുണയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊച്ചി സന്ദര്‍ശിച്ച ജര്‍മ്മന്‍ ഫെഡറല്‍ മിനിസ്ട്രി ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ (ബി എം ഇസഡ്) നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘവുമായി മേയര്‍ അഡ്വ എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് കൊച്ചി നഗരത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജര്‍മ്മന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചത്.

നിലവില്‍ ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ കൊച്ചിയില്‍ നടന്നുവരുന്ന കൊച്ചി അര്‍ബന്‍ ഒബ്‌സര്‍വേറ്ററി, മുല്ലശ്ശേരി കനാല്‍ പുനരുജ്ജീവന പദ്ധതി, എംആര്‍എഫ് പദ്ധതി, സൈക്കിള്‍ വിത്ത് കൊച്ചി തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനും വിപുലീകരണത്തിനും ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ സഹകരണമുണ്ടാവുമെന്നും സംഘം മേയറെ അറിയിച്ചു. ജര്‍മ്മന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ബാങ്കായ കെ എഫ് ഡബ്ലിയു ഡെവലപ്മെന്റ് ബാങ്കിന്റെ സഹകരണം നഗരത്തിലെ കനാല്‍ നവീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കൂടി ഉണ്ടാകണമെന്ന് മേയര്‍ ജര്‍മ്മന്‍ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു.

Top