ചെറുകിട വ്യവസായങ്ങള്‍ക്ക് 3434 കോടിയുടെ വ്യവസായ ഭദ്രതാ പാക്കേജിന് അംഗീകാരം

തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങള്‍ക്കുള്ള 3434 കോടി രൂപയുടെ വ്യവസായ ഭദ്രതാ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. വ്യവസായ വകുപ്പു വഴിയാണ് വ്യവസായ ഭദ്രതാ പാക്കേജിന് അനുമതി നല്‍കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു നല്‍കുന്ന അധിക വായ്പയ്ക്ക് മാര്‍ജിന്‍ മണി സഹായവും പലിശ ഇളവും അനുവദിക്കും. കേരള വ്യവസായ വികസന കോര്‍പറേഷനും (കെഎസ്‌ഐഡിസി) കിന്‍ഫ്രയും വായ്പാ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കുന്ന പദ്ധതി നടപ്പിലാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി.

സംരംഭങ്ങള്‍ക്ക് വായ്പാ പലിശ തിരിച്ചടവിന് ആറു മാസത്തേക്കു സമയം നീട്ടി നല്‍കും. വ്യവസായ വകുപ്പിനു കീഴിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളില്‍ 3 മാസം വാടക ഒഴിവാക്കും. വ്യവസായ പാര്‍ക്കുകളിലെ പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സംരംഭകരില്‍നിന്ന് ഈടാക്കുന്ന വാടക 3 മാസത്തേക്ക് ഒഴിവാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂലധനത്തിനു പ്രത്യേക വായ്പ അനുവദിക്കും. എംഎസ്എംഇയിലെ ഉല്‍പാദന വ്യവസായങ്ങള്‍ക്കു പലിശ സബ്‌സിഡി അനുവദിക്കും.

വൈവിധ്യവല്‍ക്കരണത്തിനും വികസനത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് 6 മാസത്തേക്ക് 6 ശതമാനം കിഴിവുണ്ടാകും. കെഎസ്‌ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തന മൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ അനുവദിക്കും. കെഎസ്‌ഐഡിസിയുടെ എല്ലാ ഓപ്പറേഷനല്‍ യൂണിറ്റുകള്‍ക്കും ഇന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പലിശയും മുതലും തിരിച്ചടയ്ക്കുന്നതിന് മന്ത്രിസഭ 3 മാസത്തെ മൊറട്ടോറിയം അനുവദിച്ചു. മൊറട്ടോറിയത്തിനുശേഷം പിഴപ്പലിശ ഇല്ലാതെ വായ്പ തിരിച്ചടയ്ക്കാം.

കെഎസ്‌ഐഡിസിയില്‍നിന്ന് വായ്പ എടുത്ത സംരംഭകരുടെ പിഴപ്പലിശ 6 മാസത്തേക്ക് ഒഴിവാക്കും. എംഎസ്എംഇകള്‍ക്ക് കെഎസ്‌ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് 1 കോടി രൂപയ്ക്കു മുകളിലുള്ള വായ്പ മാത്രമേ അനുവദിക്കാനാകൂ.കെഎസ്‌ഐഡിസിയുടെയും കിന്‍ഫ്രയുടെയും വ്യവസായ പാര്‍ക്കുകളില്‍ സ്ഥലമെടുക്കുന്ന സംരംഭകരുടെ തിരിച്ചടവിന്റെ കാലാവധി വര്‍ധിപ്പിക്കും. മുന്‍കൂര്‍ അടയ്‌ക്കേണ്ട പാട്ട പ്രീമിയം കുറയ്ക്കും. 25 ശതമാനം മാര്‍ജിന്‍ മണിയോടെ സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണന നല്‍കി സംരംഭക സഹായ പദ്ധതി നടപ്പിലാക്കും.

Top