sm vijayaanandh case vigilance court

തിരുവനന്തപുരം: മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന പരാതിയില്‍ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.

മുതിര്‍ന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകളും നടപടി ശുപാര്‍ശകളും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പൂഴ്ത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ടോം ജോസിനെതിരായ കേസിലെ ഫയല്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടറോടും ടി പി സെന്‍കുമാറിനെതിരായ പരാതി സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിയോടുമാണ് കോടതി നിര്‍ദേശിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് വിജിലന്‍സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

മൂന്നുവട്ടം ഇത് സംബന്ധിച്ച് വിജിലന്‍സ് കത്തയച്ചെങ്കിലും ചീഫ് സെക്രട്ടറി ഇടപെട്ട് പൂഴ്ത്തുകയായിരുന്നുവെന്നാണ് പരാതി. ഇക്കാര്യത്തില്‍ കേസ് ഡയറി ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ കോടതി വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി ജി പിയായിരിക്കെ ടി പി സെന്‍കുമാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്‌തെന്നും എന്നാല്‍ ഇതും പൂഴ്ത്തിയെന്നും ആരോപണമുണ്ട്.

ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഫയലുകള്‍ ഹാജറാക്കാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയോട് വിജിലന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top