മിഠായിത്തെരുവ് ആക്രമണം: പിടികിട്ടാനുള്ള പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

mittayi-theruv

കോഴിക്കോട്: ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ഫോട്ടോകള്‍ പൊലീസ് പുറത്ത് വിട്ടു. അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്.

മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അക്രമികളുടെ ആല്‍ബം പൊലീസ് തയ്യാറാക്കിയത്. വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തത് അടക്കമുള്ള 11പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. എന്നാല്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടാനെത്തിയവരില്‍ പലരും മുഖം മറച്ചാണ് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കസബ എസ് ഐയേയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 34 പേരാണ് മിഠായിത്തെരുവ് അക്രമത്തില്‍ അറസ്റ്റിലായത്.

Top