യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്: സൊളാന്‍ സ്റ്റീഫന്‍സ് വനിതാ ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി അമേരിക്കയുടെ സൊളാന്‍ സ്റ്റീഫന്‍സ്.

ഫൈനലില്‍ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തിയാണ് സ്റ്റീഫന്‍സ് ആദ്യ ഗ്രാന്റ്‌സ്ലാം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3, 6-0.

ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ കീസ് വരുത്തിയ തുടര്‍ച്ചയായായ പിഴവുകള്‍ ഏറെ നിര്‍ണായകമായി. 30ലേറെ പിഴവുകളാണ് കീസ് വരുത്തിയത്.

അതേസമയം സ്റ്റീഫന്‍സ് ആകട്ടെ ആറു പിഴവുകള്‍ മാത്രമാണ് വരുത്തിയത്. 2002-ല്‍ സെറീന വില്യംസും വീനസ് വില്യംസും ഫൈനലില്‍ ഏറ്റുമുട്ടയിതിന് ശേഷം ഇതാദ്യമായാണ് അമേരിക്കക്കാര്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. സ്റ്റീഫന്‍സിന്റെയും കീസിന്റെയും ആദ്യ ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്.

ഇടതു കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് 11 മാസം ടെന്നീസില്‍ നിന്നു വിട്ടുനിന്ന സ്റ്റീഫന്‍സ് ജൂലൈയിലാണ് കളിയിലേക്കു തിരിച്ചെത്തിയത്.

സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫന്‍സ് സെമി ഫൈനലില്‍ ഏഴു ഗ്രാന്‍സ്ലാം നേടിയ വീനസ് വില്യംസിനെ 6-1, 0-6, 7-5ന് തോല്‍പ്പിച്ചായിരുന്നു ഫൈനല്‍ പ്രവേശനം നേടിയത്. ജൂലൈയില്‍ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റീഫന്‍സ് 957-ാം റാങ്കിലായിരുന്നു. 16 മത്സരങ്ങളില്‍ പതിനാലിലും ജയിക്കുകയും. കനേഡിയന്‍ ഓപ്പണിലും സിന്‍സിനാറ്റി മാസ്റ്റേഴ്സിലും ഫൈനലിലെത്തുകയും ചെയ്തതോടെ സ്റ്റീഫന്‍സ് 83-ാം റാങ്കിലേക്ക് ഉയര്‍ന്നിരുന്നു.

എങ്കിലും, 2010 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ജസ്റ്റിന്‍ ഹെനിന്‍ ഫൈനലിലെത്തിയശേഷം ഏറ്റവും കുറഞ്ഞ റാങ്കിംഗില്‍ ഒരു ഗ്രാന്‍സ്ലാം ഫൈനലിലെത്തിയ ആദ്യ താരമാണ് സ്റ്റീഫന്‍സ്. കഴിഞ്ഞ പത്തുമാസത്തിനിടെ രണ്ടു തവണ ഇടതു കൈക്കുഴയ്ക്കു സര്‍ജറി നടത്തേണ്ടിവന്ന 15-ാം സീഡ് മാഡിസണ്‍ കീസാകട്ടെ 20-ാം സീഡ് അമേരിക്കയുടെ തന്നെ കൊക്കോ വാന്‍ഡെവെഗയെ 6-1, 6-2ന് കീഴടക്കിയായിരുന്നു ഫൈനലിനെത്തിയത്.

Top