ശബരിമലയില്‍ ഭക്തജനത്തിരക്കിന് നേരിയ കുറവ്; ഇന്നലെ രാത്രി 11 വരെ 78,402 ഭക്തര്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്കിന് നേരിയ കുറവ്. ഇന്നലെ രാത്രി 11 വരെ 78,402 ഭക്തര്‍ ദര്‍ശനം നടത്തി. തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാനായി ദേവസ്വം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാര 100 ആപ്തമിത്ര വോളണ്ടിയര്‍മാരെ കൂടി നിയോഗിച്ചു. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാവുക.

ജനുവരി 15ന് മകരവിളക്ക് നടക്കാനിരിക്കെയാണ് തീര്‍ത്ഥാടകരുടെ തിരക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകള്‍ക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും.

19 വരെ തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാം .19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ട്. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് രാവിലെ പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം നട അടയ്ക്കും.

Top