അവസരം സൃഷ്ടിക്കുന്ന കാര്യത്തിൽ ഇന്ത്യക്ക് ആകാശം മാത്രമാണ് പരിധി ;മോദി

ന്യൂഡല്‍ഹി: അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ആകാശം മാത്രമാണ് ഇന്ത്യക്ക് പരിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ആരോഗ്യം, പ്രതിരോധം, സേവനം തുടങ്ങി വിവിധ മേഖലകളില്‍ ഒട്ടനവധി അവസരങ്ങളാണ് രാജ്യം കാത്തുവച്ചിട്ടുള്ളത്. രാജ്യാന്തര റേറ്റിങ് ഏജന്‍സികളുടെ കണ്ടെത്തലനുസരിച്ച്, വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ വരുത്തിയ സമ്പൂര്‍ണ ഭരണ പരിഷ്‌കാരങ്ങളിലൂടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ കമ്പനികളെ ക്ഷണിക്കുന്ന ചടങ്ങിലാണ് മോദിയുടെ പ്രതികരണം.

രാഷ്ട്രീയ ഇച്ഛാശക്തി, സ്ഥിരത, വ്യക്തമായ കാഴ്ചപ്പാട് എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയുടെ മുഖം തന്നെ മാറ്റിയതായി മോദി ചൂണ്ടിക്കാട്ടി.

ലോക രാജ്യങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ ഏതാണ്ട് മുഴുവനായും ഏഷ്യയ്ക്കു മേലാണ്. അതില്‍ത്തന്നെ ഇന്ത്യയ്ക്കുമേല്‍ സവിശേഷമായൊരു താല്‍പര്യം ലോകരാജ്യങ്ങള്‍ക്കുണ്ട്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ഇന്ത്യയുടെ സവിശേഷതയാണ് ലോകരാജ്യങ്ങളുടെ ഈ സമീപനത്തിലൂടെ തെളിയുന്നത്. ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്’ എന്ന തത്വത്തിലൂന്നി കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ടു നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് പ്രകടമായ ഈ വ്യത്യാസത്തിന് കാരണമെന്നും മോദി പറഞ്ഞു.

ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി മുതല്‍മുടക്കുന്നവര്‍ക്ക് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി എപ്രകാരമാകും പ്രയോജനപ്പെടുക എന്നും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. സ്വദേശി കമ്പനികള്‍ക്കു പുറമെ വിദേശകമ്പനികളെയും ജിഎസ്ടി സഹായിക്കുമെന്ന് മോദി വ്യക്തമാക്കി.

ബഹിരാകാശ ഗവേഷണരംഗത്തും ഇന്ത്യ നേടിയ വന്‍ വളര്‍ച്ചയെ മോദി ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ ചൊവ്വ ദൗത്യത്തെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ടാണ് ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടങ്ങളെ മോദി വിശദീകരിച്ചത്. ഒരു ഹോളിവുഡ് ചിത്രം നിര്‍മിക്കുന്നതിലും കുറഞ്ഞ ചെലവിലാണ് ഇന്ത്യ തങ്ങളുടെ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയതെന്ന മോദിയുടെ പ്രസ്താവനയെ സദസ്സ് വന്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒട്ടനവധി അവസരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന രാജ്യമാണ് 125 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയെന്നും മോദി ചൂണ്ടിക്കാട്ടി.

Top