സൈറ വസീമിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘സ്‌കൈ ഈസ് പിങ്ക്’. മതപരമായ കാരണങ്ങളാല്‍ അഭിനയം ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ച നടി ഇനി പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കില്ലെന്നാണ് സൂചന. സൈറ ഇക്കാര്യം ചൂണ്ടിക്കാട്ടി അണിയറ പ്രവര്‍ത്തകര്‍ക്ക് കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സിനിമാ ജീവിതം നിര്‍ത്തുകയാണെന്ന് സൈറ പ്രഖ്യാപിച്ചത്.
ആഗസ്റ്റ് അവസാനത്തില്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സൈറയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അവരെ പോലെയുള്ള കഴിവുള്ള നടിയെ ചിത്രത്തില്‍ ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഷൊനാലി ബോസ് ആണ് സംവിധാനം ചെയ്യുന്നത്. പ്രിയങ്ക മൂന്ന് വര്‍ഷത്തിന് ശേഷം ബോളിവുഡിലഭിനയിക്കുന്ന ചിത്രം കൂടിയാണ് സ്‌കൈ ഈസ് പിങ്ക്. സൈറയുടെ മാതാപിതാക്കളായാണ് പ്രിയങ്ക-ഫര്‍ഹാന്‍ ജോഡിയെത്തുന്നത്.