പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞിനെ കയറ്റാന്‍ കഴിയില്ല, മലയാളി ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

Scoot Airline

സിങ്കപ്പൂര്‍ സിറ്റി: പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞിനെ കയറ്റാന്‍ കഴിയില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. സിങ്കപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനില്‍ വ്യാഴാഴ്ചയാണ് സംഭവം.

കൊച്ചി സ്വദേശികളായ ദമ്പതികള്‍ ദിവ്യയ്ക്കും ഭര്‍ത്താവിനുമാണ് ഈ ദുരാനുഭവം ഉണ്ടായത്. ‘കുഞ്ഞിന് ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ സീറ്റിലിരുത്താന്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന് ആവശ്യപ്പെടുകയും തരാമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഉറപ്പും തന്നിരുന്നതാണ്. എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ എല്ലാം നിഷേധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്തില്‍ യാത്രചെയ്യാനാവില്ലെന്ന് പൈലറ്റ് അറിയിച്ചത്. പിന്നീട് തങ്ങളുടെ ലഗ്ഗേജ് പുറത്തിറക്കിയതായി അനൗണ്‍സ്‌മെന്റ് വന്നു. പിന്നാലെ ഞങ്ങള്‍ക്കിറങ്ങേണ്ടിയും വന്നു’.

പ്രതിരോധിക്കാന്‍ ദിവ്യയും ഭര്‍ത്താവും ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റെയും മറ്റ് വിമാന ജീവനക്കാരുടെയും ഏറെ നേരത്തെ അധിക്ഷേപത്തിനു ശേഷം ഇവരെ ഇറക്കി വിടുകയായിരുന്നു. ദിവ്യജോര്‍ജ്ജ് സംഭവം നടന്ന ഉടന്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് വിഷയം ചര്‍ച്ചയാവുന്നത്.

‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനം മകളെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറായി വൈകുകയാണ് .സുഖമില്ലാത്ത കുട്ടിയെ കയറ്റാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തു പോവണമെന്നാണ് അവര്‍ പറയുന്നത്’, ദിവ്യ സംഭവത്തിനിടയില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.

പിന്നീട് വിമാന ജീവനക്കാരോട് വിഷയത്തില്‍ വ്യക്തത തേടിക്കൊണ്ട് ഭര്‍ത്താവ് സംസാരിക്കുന്ന വീഡിയോയും ദിവ്യ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ക്യാപ്റ്റനും എയര്‍ലൈന്‍സും മനസ്സലിവ് കാണിക്കാതെ ഇവരെ വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 67 തവണ തങ്ങള്‍ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരനുഭവം ആദ്യമാണെന്നും ദിവ്യ കുറിച്ചു.

പിന്നീട് ഇതേ ഫ്‌ലൈറ്റില്‍ ഇവരെ യാത്രചെയ്യാന്‍ അനുവദിച്ചെന്നും എന്നാല്‍, കുട്ടിക്ക് സീറ്റ് ബെല്‍റ്റ് അനുവദിക്കാന്‍ എയര്‍ലൈന്‍സുകാര്‍ കനിവ് കാട്ടിയില്ല. കുട്ടിയുടെ തല ഭാഗം അമ്മയായ ദിവ്യയും ശരീരം അച്ഛനും ചേര്‍ത്ത് പിടിച്ചാണ് അവര്‍ ഫുക്കറ്റിലേക്ക് യാത്ര ചെയ്തതതെന്നു ദിവ്യ പറഞ്ഞു.

അതേസമയം സംഭവത്തില്‍ ഇതുവരെയും സ്‌കൂട്ട് എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.

Top