സ്‌കോഡ എസ്യുവി കണ്‌സെപ്റ്റായ വിഷന്‍-ഇന്നിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്‌

2021-ന്റെ ആദ്യ പാദത്തില്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കോഡയുടെ കോംപാക്ട് എസ്യുവി കണ്‌സെപ്റ്റായ വിഷന്‍-ഇന്നിന്റെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്‌.

കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കാര്യമായ മാറ്റം വരുത്താതെയാണ് പ്രൊഡക്ഷന്‍ റെഡി കണ്‍സെപ്റ്റ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനത്തിന് ക്ലിക്ക് എന്ന പേരിനായി പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

പത്ത് ലക്ഷം രൂപയിലായിരിക്കും ഇതിന്റെ വില ആരംഭിക്കുക. ആഡംബര ഭാവത്തില്‍ കുറവ് വരുത്താതെ സ്‌കോഡയുടെ എംക്യുബി എഒ ഇന്‍ പ്ലാറ്റ്‌ഫോമില്‍ മിഡ് സൈസ് ഫാമിലി എസ്യുവിയായാണ് വിഷന്‍ ഇന്‍ എത്തുന്നത്. സ്‌കോഡ കാമികില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വിഷന്‍ ഇന്നിനുള്ളത്. സ്‌കോഡ സിഗ്‌നേച്ചര്‍ ഗ്രില്ല്, ട്വിന്‍ പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിന് തൊട്ടുതാഴെയായി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തുള്ളത്.

വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, ബ്ലാക്ക് ബിപില്ലര്‍, വീതി കുറഞ്ഞ റിയര്‍വ്യു മിറര്‍, ക്രോം ഫ്രെയിമുകളുള്ള വിന്‍ഡോ, ക്രോം റൂഫ് റെയില്‍, 19 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് വശങ്ങളിലെ കാഴ്ച. ഡ്യുവല്‍ ടോണ്‍ ബമ്പറും, എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, നേര്‍ത്ത ടെയ്ല്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്.

ആഡംബരം നിഴലിക്കുന്ന ഇന്റീരിയറാണ് ഈ വാഹനത്തിലുള്ളത്. ഇന്റീരിയറിന് ശോഭ നല്‍കുന്നത് ഓറഞ്ച് നിറമാണ്. 12.3 ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് സ്റ്റീയറിങ് വീല്‍, കോക്പിറ്റ് മാതൃകയിലുള്ള സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്.

148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് സൂചന. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഇതില്‍ നല്‍കുന്നു. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്.

Top