വെന്റോയുടെയും റാപ്പിഡിന്റെയും പിൻഗാമികൾ എത്തുന്നു

സി-സെഗ്മെന്റ് പ്രീമിയം സെഡാൻ ശ്രേണിയിലെ ഇരട്ടകളായ റാപ്പിഡ്, വെന്റോ മോഡലുകളുടെ പിൻഗാമികളെ ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. സ്കോഡ റാപ്പിഡിന്റെ പിൻഗാമി ഈ വർഷം അവസാനവും ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പകരക്കാരൻ അടുത്ത വർഷം ആദ്യത്തോടെയും വിപണിയിൽ ഇടംപിടിക്കുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

നിലവിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിലും സവിശേഷതകളിലും ഒരു പടി മുകളിലാണെന്ന് പറയപ്പെടുന്ന രണ്ട് സെഡാനുകളും നിലവിലെ പേരും മുന്നോട്ട് കൊണ്ടുപോകില്ല എന്നതാണ് ശ്രദ്ധേയം.
ഫോക്‌സ്‌വാഗണ്‍ മോഡലിനെ ‘വിർചസ്’ എന്നും സ്കോഡ റാപ്പിഡിന്റെ പിൻഗാമിയ്ക്ക് ‘സ്ലാവിയ’ എന്ന പേരുമായിരിക്കും ഇരു ബ്രാൻഡുകളും സമ്മാനിക്കുക. ഈ സെഡാനുകളുടെ പ്രത്യേകത 150 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും.

ഇത് ഇന്നത്തെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ മോഡലുകളായി മാറും എന്നതാണ് കൗതുകമുണർത്തുന്നത്. ഇത് അടുത്തിടെ പരിചയപ്പെടുത്തിയ സ്കോഡ കുഷാഖ് മിഡ്-സൈസ് എസ്‌യുവിൽ കണ്ട അതേ യൂണിറ്റാണെന്നതാണ് മറ്റൊരു ആകർഷണീയത.

ഈ എഞ്ചിൻ 150 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സ്കോഡ ഇതിനകം വ്യക്തമാക്കിയിരുന്നു. ഇത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാകും ജോടിയാക്കുക.

സെഡാനുകളുടെ ഉയർന്ന വേരിയന്റുകളിൽ ഈ എഞ്ചിൻ ഇടംപിടിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം റാപ്പിഡ്, വെന്റോ മോഡലുകളുടെ പകരക്കാരന്റെ എൻട്രി ലെവൽ പതിപ്പുകളിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും.

Top