മിഡ്-സൈസ് എസ്യുവി മോഡലായ കരോഖിനെ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി സ്‌കോഡ

സ്‌കോഡ അടുത്തിടെ ഇന്ത്യയിലെത്തിച്ച മിഡ്-സൈസ് എസ്യുവി മോഡലാണ് കരോഖ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനം പ്രദേശികമായി നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ച് സ്‌കോഡ.

എന്നാല്‍, ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ള വാഹനങ്ങളുടെ ഡിമാന്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരോഖയുടെ ആദ്യ ബാച്ചായി 1000 യൂണിറ്റാണ് സ്‌കോഡ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇത് വിറ്റുതീരുന്നതും, മലിനീകരണ മാനദണ്ഡത്തില്‍ വരാനുള്ള മാറ്റവും പരിഗണിച്ചായിരിക്കും പ്രദേശികമായി നിര്‍മിക്കുക. ഒറ്റ വേരിയന്റില്‍ മാത്രം എത്തിയിരിക്കുന്ന കരോഖിന് 24.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിയിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന എംക്യുബി പ്ലാറ്റ്‌ഫോമിലാണ് കരോഖും ഒരുങ്ങിയിരിക്കുന്നത്. 4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‌ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം.

കാഴ്ചയില് സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോഖും. സ്‌കോഡ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, ഡിആര്‍എല്ലുകള്‍ നല്‍കിയിട്ടുള്ള വലിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, ഇലക്ട്രിക്കലായി നിയന്ത്രിക്കുന്ന റിയര്‍വ്യു മിറര്‍, സില്‍വര്‍ റൂഫ് റെയില്‍, എന്നിവയാണ് ഒറ്റനോട്ടത്തില്‍ കരോഖിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.

പിന്നില്‍ സി-ഷേപ്പില്‍ ഹാച്ച്‌ഡോറിലേക്കും കയറി നില്ക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍, ലോഗോയിക്ക് പകരം സ്‌കോഡ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഹാച്ച്‌ഡോര്‍ എന്നിവയാണ് വാഹനത്തിന് അഴകേകുന്നത്. ഡ്യുവല്‍ ടോണിലുള്ള 16 ഇഞ്ച് അലോയി വീലുകളും ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നുണ്ട്.

പ്രീമിയം വാഹനങ്ങളെ ഓര്‍മിപ്പിക്കുന്ന ഇന്റീരിയറാണ് കരോഖിലേത്. ഫോക്‌സ് ലെതറില്‍ ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. സ്മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.

Top