കൊഡിയാക്കിന്റെ ഓഫ് റോഡ് പതിപ്പായ കൊഡിയാക് സ്‌കൗട്ട് ഇന്ത്യയില്‍ വിപണിയില്‍

സ്‌കോഡയുടെ ഏറ്റവും പുതിയ മോഡലായ കൊഡിയാക് സ്‌കൗട്ട് എസ്.യു.വി ഇന്ത്യയില്‍ വിപണിയിലെത്തി. 34 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റഗുലര്‍ കൊഡിയാക്കിന്റെ ഓഫ് റോഡ് പതിപ്പാണ് പുതിയ കൊഡിയാക് സ്‌കൗട്ട്.

റഗുലര്‍ മോഡലില്‍ നിന്ന് ചില മാറ്റങ്ങളും കൊഡിയാക് സ്‌കൗട്ടിനുണ്ട്. ബ്ലാക്ക് ലെതര്‍ അപ്പ്ഹോള്‍സ്ട്രെയിലാണ് സീറ്റുകള്‍. റഗുലര്‍ കൊഡിയാക്കിനെക്കാള്‍ 8 എംഎം നീളം കൂടുതലാണ് കൊഡിയാക് സ്‌കൗട്ടിന്. ഓള്‍ ബ്ലാക്കിലാണ് ക്യാബിന്‍. ഡാഷ്ബോര്‍ഡിലും ഡോറിലുമായി വുഡണ്‍ ഫിനിഷിങാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും പുതിയ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിങ്, ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് ബംമ്പര്‍, പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീല്‍, സ്‌കൗട്ട് ബാഡ്ജ്, സില്‍വര്‍ ഫിനിഷലുള്ള റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍സ്, ബ്ലാക്ക് ഗ്രില്‍ എന്നിവ കൊഡിയാക് സ്‌കൗട്ടിനെ വ്യത്യസ്തമാക്കും.

എട്ട് ഇഞ്ചാണ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ളതാണ് ഇത്. 12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് ഡ്രൈവര്‍ സീറ്റ്. ആമ്പിയന്റ് ലൈറ്റിങ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ് ഫ്രീ പാര്‍ക്കിങ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ടയര്‍ പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റവും തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ഗ്രൗണ്ട് ക്ലിയറന്‍സ് 6 എംഎം കൂടി 194 എംഎം ആയി. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 147 ബിഎച്ച്പി പവറും 340 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷനാണ് എല്ലാ വീലിയേക്കും ഒരുപോലെ കരുത്തെത്തിക്കുക. എക്കോ, നോര്‍മല്‍, സ്പോര്‍ട്ട്, ഇന്‍ഡിവിജ്വല്‍, സ്നോ എന്നീ അഞ്ച് ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ട്. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, മൂണ്‍ വൈറ്റ്, ക്വാര്‍ട്സ് ഗ്രേ എന്നീ നാല് നിറങ്ങളില്‍ കൊഡിയാക് സ്‌കൗട്ട് ലഭ്യമാകും.

Top