സ്‌കോഡ ഇന്ത്യയില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു

ന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 150 ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 30,000 കാറുകളുടെ വില്‍പ്പന നടത്താനും ബ്രാന്‍ഡിന് പദ്ധതിയുണ്ട്.

ഇന്ത്യയിലെ സ്‌കോഡയുടെ അതിശക്തമായി തിരിച്ചുവരവിനാണ് ഈ വര്‍ഷം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 2021 പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് സ്‌കോഡ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ബ്, ഒക്ടാവിയ എന്നീ ആഡംബര സെഡാനുകളുടെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ പുറത്തിറക്കിയതിനു പിന്നാലെ രാജ്യത്തെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ്-സൈസ് എസ്യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സ്‌കോഡ.

90 ശതമാനത്തോളം പ്രാദേശികമായി നിര്‍മിച്ച കുഷാഖ് എന്ന മോഡലുമായിട്ടാണ് ഈ സെഗ്മെന്റിലേക്കുള്ള സ്‌കോഡയുടെ രംഗപ്രവേശം. ഭാവിയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായും നിലവിലെ വാഹന ഉടമകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുമായിട്ടാണ് സ്‌കോഡയുടെ ഇനിയുള്ള നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയന്‍ ആധിപത്യമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാന്‍ കുഷാഖ് എത്തിയത്. കുഷാഖിന്റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെല്‍റ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്.

അതുകൊണ്ടു തന്നെ ഈ വര്‍ഷം എസ്യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകള്‍ എങ്കിലും വിറ്റഴിക്കാനാണ് സ്‌കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ കാര്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 അവസാനത്തോടെ 60,000 യൂണിറ്റുകളും വില്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നും വില്‍പ്പനയ്ക്ക് വേഗം കൂട്ടാന്‍ കുഷാഖിന്റെ മോണ്ടെ കാര്‍ലോ പതിപ്പും സമീപ ഭാവിയില്‍ കമ്പനി ഇന്ത്യയില്‍ എത്തിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിനോടകം തന്നെ കുഷാഖിന് വിപണിയില്‍ നിന്നും മികച്ച സ്വീകാര്യത നേടാനായതും സ്‌കോഡയ്ക്ക് പ്രതീക്ഷയേകിയിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ വാഹന പ്രേമികളുടെ എസ്യുവി കമ്പവും ബ്രാന്‍ഡിന് പ്രതീക്ഷകള്‍ നല്‍കുന്നു. എന്തായാലും ആകര്‍ഷകമായ വില നിര്‍ണയവും കുഷാഖിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കും.

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top