കോവിഡ് പ്രതിരോധം; 1.2 കോടി ധനസഹായം പ്രഖ്യാപിച്ച് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ നേരിടുന്നതില്‍ ശക്തമായ പിന്തുണയുമായി ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ എത്തിയിരുന്നു. ഇപ്പോഴിതാ സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കമ്പനിയിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധത്തിലേക്ക് വീണ്ടും സഹായഹസ്തവുമായെത്തിയിരിക്കുകയാണ്.

സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ പൂണെ, ഔറംഗാബാദ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് 1.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റ് എത്തിക്കുന്നതിനുമായാണ് ധനസഹായം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ, പൂണെ, ഔറംഗാബാദ് എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രികളില്‍ 15 ഫുള്‍ ഫീച്ചേഡ് വെന്റിലേറ്ററുകള്‍, 15 മോണിറ്ററുകള്‍, 3750 പിപിഇ കിറ്റുകള്‍ എന്നിവ നല്‍കുന്നതിന് ഒരു കോടി രൂപയും പൂണെയിലെ സസൂണ്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് ബാക്കിപണവും ചിലവാക്കനാണ് കമ്പനിയുടെ നീക്കം.

ഇതിനുപുറമെ, സ്‌കോഡ ഒട്ടോ ഫോക്‌സ്‌വാഗണിന്റെ നേതൃത്വത്തില്‍ ഖേദ്, ഭോസരി തുടങ്ങിയ ഗ്രാമങ്ങളില്‍ 21 ടണ്‍ ഡ്രൈ റേഷന്‍ വിതരണം ചെയ്യുകയും സസൂണ്‍ ആശുപത്രിയിലേക്ക് 22.34 ലക്ഷം രൂപയുടെ മരുന്നുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഔറംഗാബാദ് മേഖലയില്‍ 50,000 ഫുഡ് പാക്കറ്റുകളും സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ വിതരണം ചെയ്തിരുന്നു. കമ്പനിയുടെ ചകന്‍ പ്ലാന്റില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ്ഷീല്‍ഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനോടകം നാല് പ്രദേശങ്ങളിലെ ആശുപത്രികള്‍ക്കായി 12,000 ഫെയ്‌സ്ഷീല്‍ഡുകള്‍ കമ്പനി നല്‍കി കഴിഞ്ഞു. ആംബു ബാഗ്, എയര്‍വേ പ്രഷര്‍ ഡിവൈസ് എന്നിവയുടെ നിര്‍മാണവും കമ്പനിയുടെ പരിഗണനയിലുണ്ട്.

Top