ഇയർ എൻഡ് ഓഫറുകളുമായി സ്കോഡ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴിയാണ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങൾ സ്കോഡ ലഭ്യമാക്കുന്നത് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ്. അതേസമയം ബ്രാൻഡിന്റെ മുൻനിര സെഡാൻ മോഡലുകളായ ഒക്‌ടാവിയയിലോ സൂപ്പർബിലോ ഡിസ്കൗണ്ടുകളൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്.

30,000 രൂപ കോർപ്പറേറ്റ് കിഴിവ്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, 35,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ഉപയോഗിച്ച് സ്കോഡ കരോക്ക് എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. റാപ്പിഡിന്റെ ആമ്പിഷൻ, സ്റ്റൈൽ വേരിയന്റുകൾക്ക് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം നിരവധി മോഡലുകളെയാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കാനിരിക്കുന്നത്. ഈ മോഡലുകളിൽ ചിലത് 2021 ജനുവരിയിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന മോഡലുകളിൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന വിഷൻ-ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയെയാണ്.

അതിനു ശേഷം നാലാം തലമുറ ഒക്‌ടാവിയയും വിൽപ്പനയ്ക്ക് എത്തും. സ്കോഡ നിരയിൽ നിന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായ റാപ്പിഡിന്റെ എൻട്രി ലെവൽ റൈഡര്‍ വേരിയന്റിന്റെ വിൽപ്പന അവസാനിപ്പിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. സ്‌കോഡയില്‍ നിന്നും താങ്ങവുന്ന വിലയില്‍ വാഹനം എത്തിയതോടെ റാപ്പിഡ് സെഡാനായുള്ള ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. ഈ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില 7.49 ലക്ഷം രൂപയായിരുന്നു. ഈ പതിപ്പ് വിപണിവിട്ടതോടെ സ്‌കോഡ റാപ്പിഡ് റൈഡര്‍ പ്ലസാകും ഇനി പുതിയ എന്‍ട്രി ലെവല്‍ മോഡൽ. ഇതിന് 7.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റിനൊപ്പവുമാണ് വരുന്നത്.

Top