ജനുവരി ഒന്നു മുതൽ വില വർദ്ധന പ്രഖ്യാപിച്ച് സ്കോഡയും

2022ജനുവരി ഒന്നു മുതൽ വിലവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ  സ്‌കോഡ ഓട്ടോ ഇന്ത്യയും എന്ന് റിപ്പോര്‍ട്ട്.  കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ജനുവരി മുതൽ സ്‌കോഡ  മോഡലുകളുടെ വില മൂന്ന് ശതമാനം വരെ വർധിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്‌യുവി, റാപ്പിഡ്, ഒക്ടാവിയ, കൊഡിയാക്, സൂപ്പർബ് തുടങ്ങിയ മോഡലുകളാണ് സ്കോഡ ഇന്ത്യ നിലവില്‍ രാജ്യത്ത് വാഗ്‍ദാനം ചെയ്യുന്ന മോഡലുകള്‍.

വർദ്ധിച്ചുവരുന്ന ഇൻപുട്ടും പ്രവർത്തനച്ചെലവുകളും ആണ് വർദ്ധനവിന് കാരണം എന്ന് കമ്പനി പറയുന്നു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും, വർദ്ധിച്ചുവരുന്ന വില വർദ്ധനവിന്റെ കാര്യത്തിൽ ഉപഭോക്തൃ ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു.

കോംപാക്ട് എസ്‍യുവി ആയ കുഷാഖ് 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പുറത്തിറക്കിയതു മുതൽ കുഷാക്കിനൊപ്പം സ്കോഡയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. ഇടത്തരം വലിപ്പമുള്ള എസ്‌യുവിക്ക് പുറത്തിറങ്ങി ആദ്യ ആറ് മാസത്തിനുള്ളിൽ 20,000 ബുക്കിംഗുകൾ ലഭിച്ചു. കമ്പനിയുടെ ശക്തമായ വില്‍പ്പന വളര്‍ച്ചയുടെ പ്രധാന കാരണം ഈ വര്‍ഷം എത്തിയ കുഷാഖാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് കുഷാഖ് എത്തുന്നത്.   ഡീസൽ ഒഴിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തിയത്​. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നീ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്‍ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും. 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ്  കുഷാഖിന്‍റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top