വൈദഗ്ധ്യമുള്ള തൊഴില്‍സേന ലക്ഷ്യം; 750 കോടിയുടെ കരിയര്‍ സര്‍ട്ടിഫിക്കറ്റ്‌സ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍

വൈദഗ്ധ്യമുള്ള തൊഴില്‍സേനയെ സൃഷ്ടിക്കുന്നതിന് 100 ദശലക്ഷം ഡോളറിന്റെ (746 കോടി) ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റ്‌സ് ഫണ്ട് പ്രഖ്യാപിച്ച് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ.

 

ഡാറ്റ അനലിറ്റിക്‌സ്, ഐടി സപ്പോര്‍ട്ട്, പ്രോജക്റ്റ് മാനേജ്‌മെന്റ്, യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന ശമ്ബളവും പദവിയുമുള്ള ജോലികള്‍ക്കായി യുവാക്കളെ തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ചാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.

അമേരിക്കയിലെ 20,000 ലധികം യുവാക്കള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുകയും അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ‘ഈ നിക്ഷേപം അമേരിക്കയിലെ യുവാക്കളുടെ ആകെ വേതനത്തില്‍ 1 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് സൃഷ്ടിക്കാന്‍ പ്രാപ്തമാണ്’ -പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഐടി മേഖലയില്‍ ഉയര്‍ന്ന തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കി വികസനം ഉറപ്പുവരുത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

‘ഈ ഫണ്ട് ആര്‍ക്കും ലഭ്യമാണ്, കോളേജ് ബിരുദം വേണമെന്ന് നിര്‍ബന്ധമില്ല. ശമ്ബള വര്‍ധനവും ഉയര്‍ന്ന പദവിയുള്ള ജോലി ലഭിക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ കരിയറില്‍ ഉണ്ടായതായി എഴുപത്തിയഞ്ച് ശതമാനം ബിരുദധാരികളും സാക്ഷ്യപ്പെടുത്തുന്നു’-പിച്ചൈ പറഞ്ഞു.

‘ഗൂഗിളിന്റെ ഡിജിറ്റല്‍ സ്‌കില്‍ പ്രോഗ്രാമിലൂടെ യുഎസിലെ 50 സംസ്ഥാനങ്ങളിലുള്ള 8 ദശലക്ഷം അമേരിക്കക്കാര്‍ക്ക് പരിശീലനം ലഭിച്ചു. ഒരു വര്‍ഷം കുറഞ്ഞത് 40,000 ഡോളര്‍ സമ്ബാദിക്കാന്‍ കഴിയുന്ന ജോലി കണ്ടെത്തിയാല്‍ മാത്രമേ അവര്‍ക്ക് ഇത് തിരികെ നല്‍കേണ്ടി വരികയുള്ളൂ’-അദ്ദേഹം പറഞ്ഞു. ഏകദേശം 70,000 അമേരിക്കക്കാരാണ് ഇതുവരെ ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്

 

Top