ലോകത്തിലെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് ചൈനയില്‍ ; 2022ല്‍ പൂര്‍ത്തീകരിക്കും

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സ്‌കി പാര്‍ക്ക് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭീമനായ മജീദ് അല്‍ഫുട്ടയിം. ചൈനയിലേക്ക് കാലെടുത്തുവെക്കുകയാണ് ദുബായിലെ മജീദ് അല്‍ ഫുട്ടയിം കമ്പനി. സ്‌കി ദുബായ്, സ്‌കി ഈജിപ്റ്റ് തുടങ്ങിയ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നത് മജീദ് അല്‍ ഫുട്ടയിം ആണ്. 2022ല്‍ ചൈനയിലെ സ്‌കി പാര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മജീദ് അല്‍ ഫുട്ടയിമിന്റെ പ്രതീക്ഷയുള്ളത്. പ്രതിവര്‍ഷം 3.2 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് പാര്‍ക്കിനുള്ളത്.

സിംഗപ്പൂരിലെ പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്പറായ കെഒപി പ്രഖ്യാപിച്ച ഷാംഗ്ഹായിലെ ബൃഹദ് പദ്ധതിയുടെ ഭാഗമാണ് സ്‌കി പാര്‍ക്ക്. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് മജീദ് അല്‍ ഫുട്ടയിം ആണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വിന്റസ്റ്റാര്‍ ഷാംഗ്ഹായ് എന്നാണ് പദ്ധതിയുടെ പേരുള്ളത്. ഷാംഗ്ഹായ് ലുജിയാസുയ് ഡെവലപ്‌മെന്റ് കമ്പനി, കെഒപിയുടെ സബ്‌സിഡിയറിയായ വിന്റസ്റ്റാര്‍ ഹോള്‍ഡിംഗ്‌സ്, ഷാംഗ്ഹായ് ഹാര്‍ബര്‍ സിറ്റി ഡെവലപ്‌മെന്റ് കമ്പനി തുടങ്ങിയവരുടെ സംയുക്ത സംരംഭമാണ് വിന്റസ്റ്റാര്‍ ഷാംഗ്ഹായ്.

ഈ മൂന്ന് കമ്പനികളും ചേര്‍ന്ന് ഷാംഗ്ഹായ് സ്‌നോ സ്റ്റാര്‍ പ്രോപ്പര്‍ട്ടീസ് കോ എന്ന പേരില്‍ ഈ പദ്ധതിക്കായി ഒരു സംയുക്ത സംരംഭം തുടങ്ങിക്കഴിഞ്ഞത്. ഇതുവരെ നടപ്പാക്കിയിട്ടുള്ളതില്‍ വെച്ച് കെഒപിയുടെ ഏറ്റവും വലിയ പദ്ധതിയാണ് ചൈനയിലെ വിന്റസ്റ്റാര്‍ ഷാംഗ്ഹായ്. നൂതനാത്മകമായ ഇത്തരം പദ്ധതികള്‍ ചൈനയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ അതിയായ സന്തോഷമുണ്ടെന്നും കെഒപിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ ഓങ് ചിഹ് ചിംഗ് പറഞ്ഞു.

Top