തൃശൂരില്‍ 27 കിലോ കഞ്ചാവുമായി ഒല്ലൂര്‍ സ്വദേശി പിടിയില്‍

തൃശൂര്‍: വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി അറുപതുകാരന്‍ പിടിയില്‍. ഒല്ലൂര്‍, തൈക്കാട്ടുശ്ശേരി സ്വദേശി സുന്ദരനാണ് അറസ്റ്റിലായത്. ലോക്ക് ഡൗണ്‍ വന്നാല്‍ കഞ്ചാവിന് വില കൂടുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍ ഇത്രയുമധികം കഞ്ചാവ് സൂക്ഷിച്ചത്.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ച് തൃശൂരില്‍ സ്റ്റോക്ക് ചെയ്തത്. ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് 60 കാരനായ ഒരാളെ സൂക്ഷിപ്പുകാരനായി ഏര്‍പ്പെടുത്തിയത്.

പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 50 ലക്ഷം രൂപയോളം വില വരും. ഒല്ലൂര്‍ മേഖലയില്‍ കഞ്ചാവ് സുലഭമാണെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഴത്തോട്ടത്തിന് നടുവിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

ഈ തോട്ടത്തില്‍ രാത്രിസമയങ്ങളില്‍ നിരവധി വാഹനങ്ങള്‍ വന്നു പോകുന്നുവെന്ന വിവരവും സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

 

Top