ട്രെയിനില്‍ പതിനാറുകാരന്റെ കൊലപാതകം, നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു ഹരിയാനയിലേക്കുള്ള യാത്രക്കിടെ ജുനൈദ് ഖാന്‍ (16) ട്രെയിനില്‍ കുത്തേറ്റു മരിച്ചു സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.

അറസ്റ്റിലായവരില്‍ ഒരാള്‍ അമ്പതുകാരനായ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ജുനൈദിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം, അക്രമികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഹരിയാന റെയില്‍വേ പോലീസ് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ട്രെയിനില്‍ നിരവധി പേര്‍ നോക്കി നില്‍ക്കേയാണു ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടതെങ്കിലും ദൃക്‌സാക്ഷികളായി ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. അക്രമികള്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല.

ഡല്‍ഹിയില്‍ നിന്നു ഹരിയാനയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയിലാണ് ജുനൈദ് എന്ന പതിനാറുകാരനെ കുത്തിക്കൊന്ന് സഹോദരങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. പശുവിനെ തിന്നുന്നവരെന്നും രാജ്യദ്രോഹികളെന്നും ആരോപിച്ചായിരുന്നു ആക്രമണം. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പൊടുന്നനെ വര്‍ഗീയ അധിക്ഷേപങ്ങളിലേക്കു വഴിതിരിയുകയും ട്രെനിനുള്ളില്‍ അക്രമം അഴിച്ചു വിട്ട ഒരു സംഘത്തിന്റെ ആക്രമത്തില്‍ ജുനൈദ് കുത്തേറ്റു മരിക്കുകയുമായിരുന്നു.

Top