ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികള്‍ക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള കുറ്റങ്ങള്‍

യൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (കോടതി രണ്ട്) എസ്.സൂരജ് മുമ്പാകെയാണ് വ്യാഴാഴ്ച ഡിവൈ.എസ്.പി. എം.എം.ജോസ് കുറ്റപത്രം സമര്‍പ്പിച്ചത്.ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51) ഒന്നാം പ്രതിയും ഭാര്യ അനിത(39)യും മകള്‍ അനുപമ(21)യും രണ്ടും മൂന്നും പ്രതികളുമാണ്.

കടബാധ്യത തീര്‍ക്കാന്‍വേണ്ടി മൂന്നുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റം എന്നാണ് ആരോപിച്ചിരിക്കുന്നത്. ജീവപര്യന്തംമുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മരണഭയം ഉളവാക്കി മോചനദ്രവ്യം തട്ടാന്‍ ശ്രമിച്ചെന്നതും മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമവും പ്രധാന കുറ്റങ്ങളാണ്. കുട്ടിയുടെയും സഹോദരന്റെയും മൊഴി, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിളിയുടെ ശബ്ദരേഖ, കൈയക്ഷര പരിശോധനാ ഫലം തുടങ്ങിയവയാണ് കേസിലെ പ്രധാന തെളിവുകള്‍.

ശബ്ദസാമ്പിള്‍ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണെന്ന് ഡിവൈ.എസ്.പി. എം.എം.ജോസ് പറഞ്ഞു. കൈയക്ഷര പരിശോധനാ ഫലം ലാബില്‍നിന്ന് നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഏഴുപതുദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല.

കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ടാണ് ട്യൂഷനു പോകുകയായിരുന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനെ തട്ടിമാറ്റിയിട്ടാണ് കൊണ്ടുപോയത്. പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ അടുത്തദിവസം കൊല്ലം ആശ്രാമത്ത് കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

 

Top