ആറ് കായിക താരങ്ങള്‍ക്ക് പത്മശ്രീ പുരസ്‌കാരം

ന്യൂഡല്‍ഹി: കായിക രംഗത്തെ ആറ് താരങ്ങള്‍ രാജ്യത്തെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരത്തിനു അർഹരായി. ടേബിള്‍ ടെന്നീസ് താരം മൗമ ദാസ്, വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം ക്യാപ്റ്റന്‍ പി. അനിത, ദീര്‍ഘദൂര ഓട്ടക്കാരി സുധ സിങ്, മുന്‍ ഇന്ത്യന്‍ ഗുസ്തി താരം വീരേന്ദര്‍ സിങ്, പാരാ അത്ലറ്റ് കെ.വൈ വെങ്കടേഷ്, പര്‍വതാരോഹക അന്‍ഷു ജംസെന്‍പ എന്നിവരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായവർ. പുരസ്‌കാര ജേതാക്കളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമോദിച്ചു. 2013-ല്‍ അര്‍ജുന പുരസ്‌കാരം നേടിയ മൗമ, അചന്ത ശരത് കമലിന് ശേഷം പത്മശ്രീ നേടുന്ന രണ്ടാമത്തെ ടേബിള്‍ ടെന്നീസ് താരമാണ്. 2019-ലാണ് അചന്ത ശരത് പത്മശ്രീ നേടുന്നത്.

2012-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ച സുധ സിങ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഇനത്തില്‍ ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിച്ച താരമാണ്. ഈ ഇനത്തില്‍ ദേശീയ റെക്കോഡും സുധയുടെ പേരിലാണ്. വിവിധ ഏഷ്യന്‍ ഗെയിംസുകളിലും ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യയ്ക്കായി രണ്ട് ഗോള്‍ഡ് മെഡലുകളും നാല് വെള്ളി മെഡലുകളും സ്വന്തമാക്കിയ താരമാണ്. 2012, 2016 ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 1992-ല്‍ കൊളംബിയയിലെ കാലിയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് വീരേന്ദര്‍ സിങ്. 1995-ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 74 കിലോ ഫ്രീസ്റ്റൈല്‍ സീനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡലും നേടി.

പാരാ അത്‌ലറ്റായ വെങ്കടേഷ് 2005-ലെ പൊക്കം കുറഞ്ഞവര്‍ക്കായുള്ള ലോക ഗെയിംസില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയ താരമാണ്. 1994-ല്‍ ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന ആദ്യ അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി (ഐ.പി.സി) അത്ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ പര്‍വതാരോഹകയായ അന്‍ഷു ജംസെന്‍പ, ഒരു സീസണില്‍ രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ്.

Top