സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം, ഒരാളെ കാണാതായി; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ (Kerala Rains) ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ അതിവേഗം മാറ്റി കൊണ്ടിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്,വയനാട്, തൃശ്ശൂര്‍ ജില്ലകളിൽ ദേശീയ ദുരന്തനിവരാണ സേനയുടെ നാല് സംഘങ്ങൾ എത്തിയിട്ടുണ്ട്. ഇനി വരുന്ന നാല് സംഘങ്ങളെ കോട്ടയം., എറണാകുളം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും. കെഎസ്ഇബി ഡാമുകളിൽ നിലവിൽ വെള്ളം ഒഴുക്കി വിടേണ്ട സാഹചര്യമില്ല. ഡാം കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം ഒഴുക്കും.

അടിയന്തര ഇടപെടലിന് മന്ത്രിമാർക്ക് ജില്ലാ ചുമതല നൽകിയിട്ടുണ്ട്. മൃഗങ്ങളെ മാറ്റി പാർപ്പിക്കാൻ ആവശ്യമായ ക്രമീകരണം ഉണ്ടാക്കാൻ മൃഗസംരക്ഷണവകുപ്പിന് നിര്‍ദേശം നൽകി. വൈദ്യുതി ലൈനുകളുടേയും പോസ്റ്റുകളുടേയും സുരക്ഷാ പരിശോധന കെഎസ്ഇബി നിര്‍വഹിക്കും. പാലങ്ങളുടെ സുരക്ഷ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകൾ ആവശ്യമായ ഇടത്ത് അതിനുള്ള സൗകര്യം ഒരുക്കും. ഇതിനായി ബോട്ടുകൾ വാടകയ്ക്ക് എടുക്കാനുള്ള സാഹചര്യം പരിഗണിക്കണം. സംസ്ഥാനത്ത് ആകെ ഏഴ് ക്യാംപുകളാണ് നിലവിൽ ആരംഭിച്ചത്. നിലവിൽ ഏഴ് ക്യാംപുകളിലായി 90 പേര്‍ തങ്ങുന്നുണ്ട്. കൊല്ലം പത്തനംതിട്ട ഇടുക്കി വയനാട് ഒരോ ക്യാംപുകളും കോട്ടയത്ത് രണ്ട് ക്യാംപകളുമാണ് തുറന്നത്. ദുരന്തനിവാരണ അതോറിറ്റി അതാത് സമയത്ത് നൽകുന്ന മുന്നറിയിപ്പുകൾ എല്ലാവരും പാലിക്കണം. മഴ സാഹചര്യം പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്കൂളുകൾക്ക് അവധി നൽകാവുന്നതാണ്. നിലവിൽ തെക്കൻ ജില്ലയിലെ സ്കൂളുകളിൽ എല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top