ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

അബുദാബി: ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. പണം കൈക്കലാക്കാനാണ് ഇവര്‍ കൊലനടത്തിയതെന്നാണ് സൗദിയിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊലചെയ്യപ്പെട്ട ലൈംഗിക തൊഴിലാളി കേസില്‍ പ്രതിയായ സ്ത്രീയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ സ്ത്രീയാണ് കേസിലെ മറ്റൊരു പ്രതിയുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം കൊലയാളി സംഘത്തിന് വീടിന്റെ വാതില്‍ തുറന്നുകൊടുത്തതും ഈ സ്ത്രീയാണ്. പണം തട്ടിയെടുത്തശേഷം സംഭവം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പറഞ്ഞു.

കൊലയാളികള്‍ മുറിയില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയപ്പോള്‍ സ്ത്രീ ഉറക്കെ നിലവിളിച്ചു. ശബ്ദം സമീപവാസികള്‍ കേള്‍ക്കാതിരിക്കാന്‍ തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പറഞ്ഞു.

കൊലചെയ്യപ്പെടുന്നതിന് മുമ്പ് സ്ത്രീ അലമുറയിട്ട് കരയുന്ന ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു.

തങ്ങളുടെ കട ബാധ്യതകള്‍ തീര്‍ക്കാനാണ് മോഷണം നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Top