400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ആറ് പാകിസ്ഥാനി യുവാക്കള്‍ പിടിയിലായി

ഗുജറാത്ത്: 400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഗുജറാത്ത് പോര്‍ബന്ദര്‍ തീരത്ത് ആറ് പാകിസ്ഥാനി യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.

30 ദിവസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഗുജറാത്ത് തീരത്ത് കോടികള്‍ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടികൂടുന്നത്. ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് നിന്ന് 2000 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ യുവാക്കളെ പിടികൂടിയിരുന്നു.

ഇന്ത്യന്‍ രജിസ്‌ട്രേഷനിലുള്ള ബോട്ട് ഉപയോഗിച്ചാണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയത്. ലഹരി ഉല്പന്നങ്ങള്‍ ഡല്‍ഹിയിലേക്കും പഞ്ചാബിലേക്കും കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ എ ടി എസ് ഓഫീസര്‍മാരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അഭിനന്ദിച്ചു. ഇവര്‍ക്ക് പത്തുലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Top