സജീവന്റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച; ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഭൂമി തരം മാറ്റ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത് സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്.

സജീവന്റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പറവൂര്‍ മാല്യങ്കര സ്വദേശിയായ മല്‍സ്യത്തൊഴിലാളി സജീവന്‍ കഴിഞ്ഞമാസം നാലിനാണ് ആത്മഹത്യ ചെയ്തത്. ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാന്‍ ഒരുവര്‍ഷം സജീവന്‍ സര്‍ക്കാര്‍ ഒഫീസുകള്‍ കയറിയിറങ്ങി.

ഏറ്റവും ഒടുവില്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസിലെ ജീവനക്കാര്‍ സജീവനെ അപമാനിച്ച് ഇറക്കിവിട്ടു. തുടര്‍ന്ന് രാത്രി വീട്ടുവളപ്പിലെ മരത്തില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

 

 

Top