ട്രാക്കിലൂടെ ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

train railway

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാപുരില്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ പില്‍ഖുവയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

പെയിന്റിംഗ് ജോലികള്‍ക്കായി ഇന്നലെ ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ യുവാക്കള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല. അര്‍ധരാത്രിയോടെ ഹാപുരിലെ പിലാഖ്വയില്‍ തിരിച്ചെത്തിയ യുവാക്കള്‍ ട്രാക്കിലൂടെ അലസമായി നടക്കുന്നതിനിടെയായിരുന്നു അപകടം.

ട്രെയിന്‍ ഷണ്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിന് സമീപത്തിലൂടെ ഇവര്‍ നടന്നുപോകുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഈ സ്റ്റേഷനില്‍ സാധാരണ പിന്നീട് ട്രെയിനുകളൊന്നും വരാറില്ല. എന്നാല്‍ ട്രാക്കിലൂടെയെത്തിയ ട്രെയിന്‍ എന്‍ജിനാണ് യുവാക്കളുടെ മേല്‍ കയറിയത്. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്.

യുവാക്കളുടെ മരണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

Top