ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് 6 മാസം; 26ന് കരിദിനം ആചരിക്കും

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതിന് ആറു മാസം തികയുന്നു. ഈ മാസം 26ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വത്തില്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും കരിദിനാചരണം. വീടുകളിലും കമ്പോളങ്ങളിലും വാഹനങ്ങളിലും മറ്റും കറുത്ത കൊടി ഉയര്‍ത്തി പ്രതിഷേധമുയര്‍ത്തുവാന്‍ നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

മൂന്ന് കാര്‍ഷികനിയമവും വൈദ്യുതി ബില്ലും പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക, 600 രൂപ വേതനത്തില്‍ 200 ദിവസം തൊഴിലുറപ്പു ജോലി നല്‍കുക, നഗരങ്ങളിലും പദ്ധതി നടപ്പാക്കുക, എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം.കോവിഡ് പരിശോധനയും മരുന്നും സൗജന്യമാക്കുക, ഓരോ അംഗത്തിനും 10 കിലോ ഭക്ഷ്യധാന്യം സഹിതം എല്ലാ കുടുംബത്തിനും പ്രതിമാസം റേഷന്‍ കിറ്റ് നല്‍കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, അതിഥിത്തൊഴിലാളികള്‍ക്ക് സൗജന്യയാത്രാസൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളും ഉയര്‍ത്തും.

Top