കൊള്ള സംഘത്തെ കൊള്ളയടിച്ചു, 35 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം മുഖംമൂടി ധാരികള്‍ കൊള്ളടയടിച്ചു. 35 ലക്ഷത്തിന്റെ സ്വര്‍ണമാണ് ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറംഗ സംഘം കൊളളയടിച്ചത്. കൊണ്ടോട്ടി മുസല്യാര്‍ അങ്ങാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

കോഴിക്കോട് അത്തോളി സ്വദേശി ഫലസു എന്നയാള്‍ 900 ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുകയും ഇയാള്‍ പിന്നീട് സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ ഫൈസല്‍, മുഹമ്മദ് എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു കാറില്‍ പുറപ്പെട്ട ഇവരെ മുസല്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

മുഖം മൂടി സംഘം കാറിന്റെ ചില്ല് അടിച്ച് പൊടിച്ച് യാത്രക്കാരെ കാറില്‍ നിന്ന് വലിച്ചിറക്കി കാറുമായി കടന്നു കളഞ്ഞു. പിന്നീട് ഒരു കിലോമീറ്റര്‍ അകലെ കാറ് ഉപേക്ഷിച്ച ഇവര്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു.

പിന്നീട് ഇവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Top